തലശേരി അതിരൂപതാ ബിഷപ്പിനെ അനുനയിപ്പിക്കാൻ സർക്കാരിന്‌റെ തിരക്കിട്ട നീക്കം
തലശേരി: ഇടഞ്ഞുനില്‍ക്കുന്ന ക്രിസ്ത്യന്‍സഭാപുരോഹിതനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. റബര്‍ വിലകൂട്ടുന്നവര്‍ക്ക് വോട്ടുചെയ്യുമെന്ന് ബി.ജെ.പിയെ അനുകൂലിച്ചുആലക്കോട്ടെ കര്‍ഷക സംഗമത്തില്‍ പ്രസംഗിച്ച തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ജോസഫ് പാംപ്‌ളാനിയെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നത്.ഇതിന്റെ ഭാഗമായി റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എ. ഉണ്ണികൃഷ്ണന്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തലശേരി ബിഷപ് ഹൗസിലെത്തി ബിഷപുമായി വൈസ് ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്.റബര്‍ കര്‍ഷകരുടെ പ്രതിസന്ധികളില്‍ റബര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് വൈസ് ചെയര്‍മാന്‍ ഉറപ്പു നല്‍കി.

ആര്‍ച്ച് ബിഷപിന്റെ പ്രസ്താവനയില്‍ കര്‍ഷകരുടെ വേദനയാണ് നിഴലിക്കുന്നതെന്ന് റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പറഞ്ഞു. റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കുക,സിന്തറ്റിക് റബറിനെയും പ്രകൃതിദത്തമായ റബറിനെയും ഒരേ രീതിയില്‍ പരിഗണിച്ചു കൊണ്ടുള്ള ഇറക്കുമതി നയങ്ങള്‍ പുനഃ പരിശോധിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും റബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കേരളം സന്ദര്‍ശിക്കുന്ന അവസരത്തില്‍ റബര്‍ കര്‍ഷകരുടെ വിഷയങ്ങള്‍ സംസാരിക്കാനുള്ള അവസരം ഒരുക്കാം എന്ന് റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെ നിരവധിയായ ആനുകൂല്യങ്ങള്‍ സാധാരണ കര്‍ഷകര്‍ അറിയാത്തതുമൂലം അവരിലേക്ക് അവ എത്താത്ത സാഹചര്യങ്ങള്‍ പരിഹരിക്കണമെന്നും ചര്‍ച്ചയില്‍അഭിപ്രായമുണ്ടായി.
തലശേരി അതിരൂപത പ്രോട്ടോ സിഞ്ചൂസ് മോണ്‍.ആന്റണി മുതുകുന്നേല്‍, വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി, തലശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, പ്രോക്യൂറേറ്റര്‍ ഫാ. ജോസഫ് കാക്കരമറ്റത്തില്‍, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications