സംസ്ഥാനത്തെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തീര്‍ത്ഥാടകരെ പിഴിയുന്നതായി ആരോപണം ശക്തമാകുന്നു
കണ്ണൂര്‍: സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരെ ഞെക്കിപ്പിഴിഞ്ഞ് ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൊള്ളലാഭം കൊയ്യുന്നതായി പരാതി. ചില ട്രാവല്‍ ഏജന്‍സികളും സംഘടനകളും ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. സംസ്ഥാനത്തെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റസ് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒരു വിഭാഗം മതമേലധ്യക്ഷന്‍മാരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മറവിലാണ് ഇവര്‍ ഒന്നര ലക്ഷത്തോളം അധിക തുക വാങ്ങുന്നത്. തീര്‍ത്ഥാടനത്തിന്റെ അവസാന ഘട്ടത്തില്‍ അധിക പണം ചോദിക്കുന്നതിനാല്‍ തീര്‍ത്ഥാടനം തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പാവങ്ങളും വയോധികരുമായ തീര്‍ത്ഥാടകര്‍.

എന്നാല്‍ ഇത്തരമൊരു പണം കേന്ദ്ര സര്‍ക്കാര്‍ ആരോടും വാങ്ങുന്നില്ലെന്നാണ് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി അറിയിച്ചത്. സാധാരണയായി ശാരീരിക അവശത അനുഭവിക്കുന്നവരും പ്രായാധിക്യമുള്ളവരുമാണ് സൗകര്യപ്രദമായ ഹജ്ജ് യാത്രക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനെ ആശ്രയിക്കുന്നത്. അഞ്ചര ലക്ഷം രൂപക്ക് ബുക്ക് ചെയ്ത് ഹജ്ജിന് പോകുന്നവരോട് ഇപ്പോള്‍ ഒന്നര ലക്ഷം രൂപ കൂടി അധികമാകുമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ അറിയിച്ചിരിക്കുകയാണ്.
ഇത് തികഞ്ഞ സാമ്പത്തിക ചൂഷണമാണ്. ഒരു മുസ്ലീമിന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ഹജ്ജിന് പോകുക എന്നത്. ഇത് ചൂഷണം ചെയ്യുന്ന പ്രവൃത്തിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ ചെയ്യുന്നത്. പ്രമുഖ മത നേതാക്കളെ അമീര്‍ ആക്കിയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ സാമ്പത്തിക ചൂഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതില്‍ നിന്ന് മത നേതാക്കള്‍ പിന്തിരിയണം. ഇത് സംബന്ധിച്ച് കേന്ദ്ര-കേരള ഹജ്ജ് മന്ത്രിമാര്‍, കേന്ദ്ര-കേരള ഹജ്ജ് ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ഇത്തരം ഹജ്ജ് തീര്‍ത്ഥാടക ഏജന്‍സികളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ സംഘടന ശക്തമായ പ്രത്യക്ഷ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ചിറക്കല്‍ ബുഷ്റ, സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍, സംസ്ഥാന സെക്രട്ടറി റോജിത് രവീന്ദ്രന്‍,സംസ്ഥാന കമ്മറ്റിയംഗം കെ.അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അനൂപ് തവര, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications