പേമാരിയിലും ചുഴലിക്കാറ്റിലും കണ്ണൂര്‍ നഗരത്തില്‍ വന്‍ നാശനഷ്ടം
കണ്ണൂര്‍: വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ കണ്ണൂര്‍ നഗരത്തില്‍ വന്‍ നാശനഷ്ടം നിരവധി സ്ഥാപനങ്ങളുടെ റൂഫ് ഷീറ്റുകളും ബോര്‍ഡുകളും നിലം പൊത്തി പുലര്‍ച്ചെ ഒരുമണിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത്. കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലാണ് വന്‍ നാശനഷ്ടം നേരിട്ടത്. ഹോട്ടല്‍ മജ്‌റാ ബിയിലെ ഷീറ്റുകള്‍ തകര്‍ന്നു. മില്‍മാ ബുത്തിന്റെ ബോര്‍ഡുകള്‍ പറന്നുപോയി. കക്കാട് റോഡിലെ മറീന ആര്‍ക്കേഡിനു മുന്‍വശത്തെ ഷീറ്റുകളും ഇരുമ്പ് കമ്പികളും തകര്‍ന്നു വീണു.
ഇവിടെ വൈദ്യുത ലൈന്‍ പൊട്ടിയതിനാല്‍ വന്‍ അപകട ഭീഷണിയുയര്‍ത്തിയെങ്കിലും കെ.എസ്ഇബി ജീവനക്കാര്‍ സമയോചിതമായി ഫ്യൂസ് ഊരി യതിനാല്‍ അപകട ഭീഷണി ഒഴിവായി റോഡില്‍ തകര്‍ന്നു വീണുകിടക്കുന്ന വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിലെ റൂഫ് ഷീറ്റ് വീണ് റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും വീശിയടിക്കുന്ന പേമാരിയിലും കണ്ണൂര്‍ ജില്ലയിലെ മറ്റു വിവിധയിടങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി. മരങ്ങള്‍ വീണ് ദേശീയ പാതയിലടക്കം ഗതാഗത തടസമുണ്ടായി. നിരവധി വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്.
കെഎസ്ടിപി. റോഡില്‍ പാപ്പിനിശ്ശേരി ചുങ്കത്തും കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടില്‍ വാരത്തുമാണ് റോഡിന് കുറുകെ മരം കടപുഴകിയത്. ഇതേത്തുടര്‍ന്ന് രണ്ടിടത്തും ഗതാഗതം സ്തംഭിച്ചു. വാരത്ത് ഒരുമണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ച ഒരു മണിയോടെയാണ് അപകടമുണ്ടായത്. പയ്യാമ്പലമുള്‍പ്പെടെ കണ്ണൂര്‍ നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലായി മരങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. തെക്കിബസാറില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പറന്ന് അടുത്ത് നിര്‍ത്തിയിട്ട സ്വകാര്യബസിന് മുകളിലേക്ക് വീണു. പൂവ്വത്തൂരില്‍ വൈദ്യുതലൈനിന് മുകളില്‍ മരം വീണു.
കൂടാളി മേഖലയിലും വൈദ്യുത ലൈനുകളില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. വാരത്ത് കണ്ണൂരില്‍നിന്നുള്ള രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും പാപ്പിനിശ്ശേരിയില്‍ തളിപ്പറമ്പില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയുമെത്തി മരം നീക്കുന്ന പ്രവൃത്തി രാത്രി വൈകുവോളം തുടര്‍ന്നു. ' നാട്ടുകാരും ഗതാഗതതടസ്സം നീക്കാന്‍ സഹകരിച്ചു. അതേ സമയം ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണത് കാരണം കണ്ണൂര്‍ ജില്ലയില്‍ വൈദ്യുതി വിതരണത്തില്‍ വ്യാപകമായ തടസ്സം നേരിട്ടിട്ടുണ്ട്
വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പൊതുജനങ്ങള്‍ സുരക്ഷ പാലിക്കണമെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യാവൂര്‍ പുഴയില്‍ ഒരു സ്ത്രീയെ കാണാതായിട്ടുണ്ട് ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. കാലവര്‍ഷം തുടങ്ങിയതു മുതല്‍ അപകടങ്ങളില്‍ ഇതുവരെയായി ജില്ലയിലെ വിവിധയിടങ്ങളില്‍ പത്തു പേരാണ് അപകടങ്ങളില്‍ മരിച്ചത്.












Click it and Unblock the Notifications