ആറളം ഫാമില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷിനാശം,പൊറുതിമുട്ടി കര്‍ഷകര്‍
ഇരിട്ടി: ആറളം ഫാമിലും അയ്യന്‍കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും ഭീതിവിതച്ച് കാട്ടാനകള്‍. പുരധിവാസ മേഖലയിലെവീടുകളുടെ മുറ്റത്തോളം എത്തിയ കാട്ടുനക്കൂട്ടം കഴിഞ്ഞ ദിവസം വ്യാപക നാശനഷ്ടമുണ്ടാക്കി. പതിമൂന്നാം ബ്‌ളോക്കില്‍ നിരവധി തെങ്ങുകള്‍ കുത്തി വീഴ്ത്തി. വാഴകള്‍ക്കും, കമുകിനും, റബറിനും നാശം വരുത്തി. വീടിന് മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകള്‍ വലിയ തെങ്ങുകള്‍ മറിച്ചിട്ടു.
ബ്ലോക്ക് 13-ല്‍ ജലീലിന്റെ കട ഭാഗത്തെ ചന്ദ്രന്‍, മാധവന്‍, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്.ആറളം വനത്തില്‍ നിന്നാണ് ആനകൂട്ടം ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വനാതിര്‍ത്തിയിലെ ആനമതില്‍ ആറിടങ്ങളില്‍ തകര്‍ത്തിട്ടുണ്ട്. ഇവ പുനര്‍നിര്‍മ്മിക്കാഞ്ഞതിനാല്‍ രാത്രികാലങ്ങളില്‍ വനത്തില്‍ നിന്നും ജനവാസ മേഖലയില്‍ എത്തുന്ന ആനകള്‍ പുലര്‍ച്ചയോടെ വീണ്ടും വനത്തിലേക്ക് തന്നെ പോവുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കച്ചേരിക്കടവില്‍ ചെറുപ്പാട്ട് വര്‍ഗീസിന്റെ പുരയിടത്തില്‍ എത്തിയ ആന തെങ്ങ്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. വാര്‍ഡ് അംഗം ഐസക്ക് ജോസഫും സ്ഥലത്തെത്തി. മാക്കൂട്ടം വനമേഖലയില്‍ നിന്നാണ് ഇവിടെ ആന എത്തിയതെന്നാണ് സംശയിക്കുന്നത്.ഫാമിന്റെ മുഖ്യവരുമാന സ്രോതസുകളില്‍ പ്രധാനപ്പെട്ട തെങ്ങുകളില്‍ വര്‍ഷങ്ങളായി ആയിരക്കണക്കിന് തെങ്ങുകള്‍ നശിപ്പിച്ച കാട്ടാനക്കൂട്ടം ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് റബര്‍ മരങ്ങള്‍ക്ക് നേരെയാണ്.
കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്ന ഫാമിന്റെ ഇപ്പോഴുള്ള ഏക വരുമാന മാര്‍ഗ്ഗം റബ്ബറാണ്. ആനക്കൂട്ടം ടാപ്പ് ചെയ്യുന്ന റബറിന്റെ തൊലി പൊളിച്ചെടുത്ത് നശിപ്പിക്കുകയാണ്. ഇതുമൂലം റബര്‍ ടാപ്പ് ചെയ്യാന്‍ പറ്റാത്തത് കൂടാതെ റബര്‍ പല്‍ വാര്‍ന്ന് മരങ്ങള്‍ നശിക്കുന്ന അവസ്ഥയിലാണ്. ഫാമിന്റെ ബ്ലോക്ക് ആറില്‍ ഇത്തരത്തില്‍ നിരവധി മരങ്ങളാണ് നശപ്പിച്ചിരിക്കുന്നത്. മഴ പ്രതിരോധത്തിനായി പ്ലാസ്റ്റിക് ഇട്ടെങ്കിലും ആനകളെ ഭയന്ന് ടാപ്പിംങ്ങ് നടത്താന്‍ പറ്റാത്ത സാഹചര്യം ആണെന്നും തൊഴിലാളികള്‍ പറയുന്നു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ നിര്‍മ്മിക്കുന്ന ആനമതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാതെ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കാട്ടാനയെ കൂടാതെ കുരങ്ങുകളുടെ ശല്യവും വര്‍ധിച്ചു വരികയാണെന്ന് താമസക്കാര്‍ പറയുന്നു. ആനകൂട്ടം ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് അറിയിച്ചിട്ടും വനപാലകര്‍ എത്താന്‍ വൈകിയതാണ് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കാന്‍ കാരണമെന്നാണ് ഫാം നിവാസികള്‍ പറയുന്നത്.












Click it and Unblock the Notifications