കാഞ്ഞിരങ്ങാട് ഒരുങ്ങുന്നത് ഹൈടെക് ജില്ലാ ജയിൽ: മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തും
തളിപ്പറമ്പ്: നഗരത്തിനടുത്തെ കാഞ്ഞിരങ്ങാട് ഒരുങ്ങുന്നത് അത്യാധുനിക ഹൈടെക്ക് ജയിൽ. ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും' ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. തളിപ്പറമ്പില്‍ ഒരുങ്ങുന്നത് പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ ജയിൽ കെട്ടിടമായിരിക്കുമെന്ന് ഉത്തരമേഖല ജയിൽ ഡിഐജി എംകെ വിനോദ് കുമാർ പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായ നിർദ്ദിഷ്ട ജയിൽ കെട്ടിടം സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക പ്രവേശനമാര്‍ഗം മാത്രമുള്ള കേന്ദ്ര കെട്ടിടത്തെ ചുറ്റി എട്ടു മുഖങ്ങളുള്ള എട്ടു കെട്ടിടങ്ങളടങ്ങിയ ഒക്ടഗണ് മാതൃകയിലാണ് ജയില്‍ നിര്‍മിക്കുക. ജയിലിനകത്തെ ഏതു കെട്ടിടത്തില്നിന്നായാലും മധ്യത്തിലുള്ള മുഖ്യ കെട്ടിടത്തിന്റെ വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂവെന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. ചെറുചലനങ്ങള്‍പോലും ഒപ്പിയെടുക്കുന്ന കംപ്യൂട്ടര്‍നിയന്ത്രിത സിസിടിവി കാമറകള്‍, കോടതികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ്, ജയിലിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നവരെ പരിശോധിക്കുന്ന ആധുനിക ബോഡി സ്കാനര്‍, മള്‍ട്ടി ഫംഗ്ഷണല്‍ അപായ സൈറണ്‍, ചോദ്യംചെയ്യല്‍ മുറികള്‍ എന്നിവയെല്ലാം സജ്ജീകരിക്കുന്ന സംസ്ഥാനത്തെ ആദ്യജയിലായിരിക്കും തളിപ്പറമ്പിലേത്.

സര്‍ക്കാര്‍ വിഹിതമില്ലാതെ സ്വന്തം വരുമാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ജയില്‍ എന്നനിലയിലാണ് തളിപ്പറമ്പ് ജയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഈ ലക്ഷ്യത്തോടെ വിപുലമായ ഭക്ഷ്യോത്പന്ന നിര്‍മാണശാല, പെട്രോള്‍ പമ്പ്, വരുമാനമാര്‍ഗങ്ങളായ മറ്റ് ഉത്പാദന യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കും. മനോഹരമായ പൂന്തോട്ടം, ഡിജിറ്റല്‍ ലൈബ്രറി, പഠന-പരിശീലന യൂണിറ്റുകള്‍, ആധുനിക അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയും സജ്ജീകരിക്കും. സര്‍ക്കാര്‍ അനുവദിച്ച 8.477 ഏക്കര്‍ സ്ഥലത്താണ് ജയില്‍ സ്ഥാപിക്കുന്നത്. 18.56 കോടി രൂപയാണ് ജയിലിന്റെ നിര്‍മാണച്ചെലവായി കണക്കാക്കുന്നത്. ഇതില്‍ 7.74 കോടി രൂപയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.


Click it and Unblock the Notifications