ആകാശിനെ പൂട്ടിയത് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, പരിഗണിച്ചത് 4 വര്‍ഷത്തെ കേസുകള്‍
കഴിഞ്ഞ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്.

ഇരിട്ടി:ആകാശ് തില്ലങ്കേരിയെ പോലീസ് ഉപയോഗിച്ചു പൂട്ടിയത് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. സിപി.എമ്മിനെതിരെ സോഷ്യല്‍മീഡിയയിലൂടെ പരസ്യവിമര്‍ശനം അഴിച്ചുവിട്ട ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. മുഴക്കുന്ന് പോലീസ് തില്ലങ്കേരിയിലെ വഞ്ഞേരിയിലെ വീട്ടിലെത്തിയാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റു ചെയ്തത്.
ഇതോടെ സിപിഎമ്മിനെതിരെ നീങ്ങിയ സൈബര്‍ സഖാക്കളില്‍ പ്രമുഖനാണ് നിയമകുരുക്കില്‍പ്പെടുന്നത്. മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലാണ് ആകാശിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്.
കഴിഞ്ഞ നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷം സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന് കാരണം കാട്ടിയാണ് ആകാശ് തില്ലങ്കേരിയെ ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തതിരിക്കുന്നത്. കാപ്പ നിയമ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. കണ്ണൂര്‍ ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പുറത്തിറക്കിയ ഉത്തരവില്‍ ആറ് മാസം തടവിനും നിര്‍ദേശമുണ്ട്. ആകാശിന്റെ കൂട്ടുകാരന്‍ ജിജോ തില്ലങ്കേരിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ സിപിഎം നേതാക്കളുടെ പങ്കിനെ സൂചിപ്പിക്കുന്ന ആകാശിന്റെയും കൂട്ടാളികളുടേയും വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വലിയ തരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ ആകാശിനെതിരെ കേസെടുത്തത്.
ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തിരുന്നത്. സിപിഎമ്മിന് തലവേദനയായി മാറിയ ആകാശ് തില്ലങ്കേരിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു.
പരസ്പരം സോഷ്യല്‍മീഡിയയിലൂടെ പോരും വിഴുപ്പലക്കും മൂര്‍ച്ഛിച്ചതോടെയാണ് ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞു കൊണ്ടു സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. ആകാശ് തില്ലങ്കേരിയിലെ പാര്‍ട്ടിയുടെ മുഖമല്ലെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പ്രസംഗിച്ചത്. ആകാശിനെപ്പോലുളള ക്രിമിനല്‍ സംഘവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്നാണ് പാര്‍ട്ടി തളളിപറഞ്ഞ സൈബര്‍ സഖാവിനെ നിയമപരമായി നേരിടാന്‍ നീക്കം തുടങ്ങിയത്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി അര്‍ജുന്‍ ആയങ്കിക്കെതിരെയും കാപ്പ ചുമത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത് കോടതി തളളിക്കളയുകയായിരുന്നു.












Click it and Unblock the Notifications