ഹണിട്രാപ്പ് കേസ്: ഒളിവില്‍പോയ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കണ്ണൂര്‍: കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയായ സ്വകാര്യബാങ്ക് മാനേജരെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി ഇരുപതിനായിരം രൂപ കവരുകയും നഗ്നചിത്രങ്ങളെടുത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ മറ്റു പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ കേസിലെ ഒന്നാം പ്രതിയെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് വാരത്തു നിന്നും പ്രതിയെ അറസ്റ്റു ചെയ്തത്.
വാരം പഞ്ചായത്ത് കിണറിനു സമീപം താമസിക്കുന്ന ജിന്‍ഷ മഹലില്‍ പി.ശ്യാംസുന്ദറാ(40)ണ് അറസ്റ്റിലായത്. വടകര മുയിപ്രത്തെ യുവാവിനെ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ ശ്യാംസുന്ദറിന്റെ ഭാര്യ കണ്ണൂര്‍ മക്കാനിക്ക് സമീപത്തെ വാടകക്വാര്‍ട്ടേഴ്സിലെ നിജിഷ(30) ബന്ധുവായ നിജേഷ്( അപ്പു) എന്നിവര്‍ക്കെതിരെയും കണ്ണൂര്‍ ട:ൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. യുവാവ് ജോലി ചെയ്യുന്ന ബാങ്കില്‍ അക്കൗണ്ട് തുടങ്ങാമെന്നു പറഞ്ഞു യുവതി താന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

മാനേജര്‍ സ്ഥലത്തെത്തിയതോടെ ശ്യാം സുന്ദറും നിജേഷും വാതില്‍ അടച്ചു കുറ്റിയിട്ടു. തുടര്‍ന്ന് ബലംപ്രയോഗിച്ചു വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നഗ്നാക്കിയ ശേഷം നിജിഷയുടെ അടുത്തു നിര്‍ത്തി ഫോട്ടോയെടുത്തു. തുടര്‍ന്ന് പണം ആവശ്യപ്പെട്ടു സംഘം മര്‍ദ്ദിച്ചുു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ ഫോണ്‍ പിടിച്ചെടുത്ത് അക്കൗണ്ടിലുളള ഇരുപതിനായിരം രൂപ ഗൂഗിള്‍ പേ വഴി അക്രമികള്‍ ബലം പ്രയോഗിച്ചു കൈക്കലാക്കി.
ഇയാളുടെ കൈവശമുണ്ടായിരുന്ന ടാബ്, ബയോമെട്രിക് സ്‌കാനര്‍ ഉള്‍പ്പെടെയുളളവയും തട്ടിയെടുത്തു. ഇതിനിടെ പ്രതികള്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും പുറത്തുപോയ തക്കം നോക്കി യുവാവ് വിവരങ്ങള്‍ താന്‍ ജോലി ചെയ്യുന്ന ബാങ്കിലെ സഹപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസാണ് വാടക ക്വാര്‍ട്ടേഴ്സിലെത്തിയ യുവാവിനെ മോചിപ്പിച്ചത്. പ്രതികള്‍ അപ്പോഴെക്കും ക്വാര്‍ട്ടേഴ്സില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അവശനിലയിലായ യുവാവിനെ പിന്നീട് പൊലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.












Click it and Unblock the Notifications