ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ച ഹോട്ടല്‍ ഉടമയും കൂട്ടാളികളും റിമാന്‍ഡില്‍
തലശേരി: പാനൂരില്‍ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിയായ യുവാവിനെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ഹോട്ടലുടമയെയും കൂട്ടാളികളെയും തലശേരി കോടതി റിമാന്‍ഡ് ചെയ്തു. മറുനാടന്‍ തൊഴിലാളിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്താണ് പൊലിസ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. നേപ്പാള്‍ ഘൂമി സ്വദേശി മോഹനാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.
പാനൂര്‍ മാക്കൂല്‍ പീടികയിലെ ഇക്കാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു മോഹന്‍. അടുത്തിടെ ഇയാള്‍ മറ്റൊരു ഹോട്ടലില്‍ ജോലിക്ക് കയറിയതിന്റെ വൈരാഗ്യത്തില്‍ പാനൂരില്‍ നിന്നും മാക്കൂല്‍ പീടികയിലെ ഇക്കാസ് ഹോട്ടലുടമ ചൈതന്യകുമാര്‍, കൂട്ടാളികളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായി മര്‍ദ്ദിച്ചത്.

തങ്ങളുടെ ഹോട്ടലിലെ രണ്ടു ജീവനക്കാരെ കൂടി മോഹന്‍ പുതുതായി ജോലിക്ക് നില്‍ക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയതായിരുന്നു വൈരാഗ്യത്തിന് കാരണമായത്. മൂവര്‍ സംഘം മോഹനെ പാനൂരിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തുകയും വാഹനത്തില്‍ ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ നിന്നും വ്യാഴാഴ്ച്ച രാത്രി മുതല്‍ വെളളിയാഴ്ച്ച പുലര്‍ച്ചെവരെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
അവശനായ മോഹനെ തലശേരി റെയില്‍വെ സ്റ്റേഷനിലേക്കു കൊണ്ടു പോയി അടുത്ത ട്രെയിനിനു തന്നെ നാട്ടിലേക്ക് മടങ്ങി പോവാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്തു നിന്നും പ്രതികള്‍ കടന്നുകളയുകയായിരുന്നു. അവശനിലയില്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ മോഹനെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇയാള്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നേപ്പോള്‍ സ്വദേശിയുടെ മൊഴിയെടുത്തതിനു ശേഷം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതിനു ശേഷം ഇവരെ ചോദ്യം ചെയ്തതിനു ശേഷം വധശ്രമത്തിന് കേസെടുത്തു തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൈക്കൊണ്ടും ആയുധങ്ങള്‍ കൊണ്ടുമാണ് പ്രതികള്‍ നേപ്പാള്‍ സ്വദേശിയെ മര്‍ദ്ദിച്ചതെന്നു പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications