തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ വീടുകൾക്ക് നേരെ വ്യാപക അക്രമം: ബിജെപി നേതാവിന്റെ വീട് തകർന്നു
പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടിനുനേരെ വ്യാപക അക്രമം. പെരിങ്ങോം, രാമന്തളി, കുഞ്ഞിമംഗലം എന്നിവിടങ്ങളിലാണ് വീടിനുനേരേ കല്ലേറുണ്ടായത്. പെരിങ്ങോത്ത് ബിജെപി എരമംകുറ്റൂര്‍ മണ്ഡലം പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്. ഓലയമ്പാടിയിലെ ബാബു അരയമ്പത്തിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് കരിവെള്ളൂര്‍ പാലക്കുന്ന് വടക്കുമ്പാട്ടെ എംവി രവീന്ദ്രന്റെ വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീട്ടുപറമ്പിലെ ചുറ്റുമതില്‍ തകര്‍ത്ത അക്രമി സംഘം സമീപത്തെ ബിജെപി പ്രവര്‍ത്തകരുടെ വീട്ടുമതിലും തകര്‍ത്തു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ച ഷീബ മുരളിയുടെ ആണൂരിലെ വീടിനുനേരെയും കല്ലേറുണ്ടായി. ഇവരുടെ ബൂത്ത് ഏജന്റായിരുന്ന ബിന്ദു പ്രശാന്തിന്റെ നിടുവപ്പുറത്തെ വീടിനുനേരെയും കല്ലേറുണ്ടായി. രാമന്തളി കുന്നരുകുന്നുമ്മലിലെ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനുനേരെ കല്ലെറിഞ്ഞു.

രാമന്തളി വടക്കുമ്പാട് സ്ഥാനാര്‍ഥിയുടെ വീടിനുനേരെ പടക്കമെറിഞ്ഞും കുഞ്ഞിമംഗലത്ത് യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലേക്കും രാത്രിയുടെ മറവില്‍ പടക്കമെറിഞ്ഞ സംഭവുമുണ്ടായി. വിവരമറിഞ്ഞ് പയ്യന്നൂർ പൊലിസെത്തി സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇതിനിടെ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ശക്തമായിയിട്ടുണ്ട്.
വ്യാഴാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. കീഴാറ്റൂരിലെ ട്രാന്‍സ്‌ഫോമറിന് സമീപം സുരേഷ് കീഴാറ്റൂരിനെ വഴിതടഞ്ഞു നിര്‍ത്തി അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു. ഇരുമ്പുദണ്ഡു കൊണ്ട് അടിയേറ്റ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍.ഡി.എഫിനെതിരേ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. സി.പി.ഐ എം സ്ഥാനാര്‍ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. വത്സല 376 വോട്ട് നേടി. തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.
കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ ഇവിടെ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സി.പി.എം വയല്‍ക്കിളികളെ എതിരാളിയായി പോലും കണ്ടിരുന്നില്ല. എങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വത്സലയുടെ പ്രചാരണത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു.


Click it and Unblock the Notifications