സുധാകരനെതിരെ പരാതി നല്‍കിയ പ്രശാന്ത് ബാബു 15 ലക്ഷം തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി
തലശേരി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സിന് പരാതി നല്‍കിയ പ്രശാന്ത് ബാബു തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്തെത്തി. കണ്ണോത്തുംചാല്‍ സ്വദേശിനി സത്യവതിയെന്ന വയോധികയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കണ്ണോത്തും ചാലിലെ വീട്ടില്‍ ഗുരുതരമായ ആരോപണങ്ങളുമായി പ്രശാന്ത് ബാബുവിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്.
മകള്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് പല തവണകളായാണ് 15 ലക്ഷം രൂപ നല്‍കിയെന്ന് സത്യവതി പറയുന്നു. എന്നാല്‍ തൊഴിലിന് വേണ്ടി വാങ്ങിയ പണമോ ജോലിയോ നല്‍കാതെ പ്രശാന്ത് ബാബു വഞ്ചിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പല തവണ കൊടുത്ത പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സത്യവതി പറയുന്നു. സത്യവതിയുടെ മകള്‍ രമ്യക്കാണ് ജോലി വാഗ്ദാനം ചെയ്തു. പ്രശാന്ത് ബാബുവിന്റെ ബന്ധുമുഖേനയായിരുന്നു സത്യവതി പരിചയപ്പെട്ടത്. 2018ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സത്യവതി പറഞ്ഞു. രണ്ടുലക്ഷം രൂപ തവണകളായി പ്രശാന്ത് ബാബു നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പൊലിസ് കേസ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ അതു തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ലഭിച്ചില്ലെന്നും സത്യവതി വ്യക്തമാക്കി. അതേസമയം സമയം കര്‍ണാടകയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ ശ്രീജിത്ത് ബാബുവെന്നയാളും പ്രശാന്ത് ബാബുവിനെതിരെ ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്.
കര്‍ണാടകയില്‍ ഹുന്‍സൂരില്‍ സ്ഥരിതാമസക്കാരനായ കണ്ണൂര്‍ സ്വദേശി ശ്രീജിത്ത് ബാബുവിന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് അരലക്ഷം രൂപയാണ് വാങ്ങിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല കൊടുത്ത പണവും നല്‍കാതെ വഞ്ചിക്കുകയായിരുന്നു. പ്രശാന്ത് ബാബുവിന്റെ സഹോദരി ഹുന്‍സൂരില്‍ ഇവര്‍ താമസിക്കുന്ന വീടിന് അടുത്താണ് താമിസിക്കുന്നത്. ഒരു ദിവസം പ്രശാന്ത്ബാബു സഹോദരിയെ കാണാനെത്തിയപ്പോഴായിരുന്നു ശ്രീജിത്തുമായി ബന്ധപ്പെടുന്നത്.
പ്രശാന്ത് ബാബു നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ ശ്രീജിത്തും കുടുംബവും ഇദ്ദേഹത്തിന്റെ കാറില്‍ നാട്ടില്‍ വന്നിരുന്നു. അന്നായിരുന്നു ശ്രീജിത്തിന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. ജോലി ശരിയാക്കി തരുന്നതിനും ചിലര്‍ക്ക് കൈമടക്ക് കൊടുക്കേണ്ടിവരുമെന്നും പറഞ്ഞായിരുന്നു പണം വാങ്ങിയത്. നിധിന്റെ ബയോജാറ്റ ഉള്‍പ്പെടെ വാങ്ങിയതിന് ശേഷമാണ് മുങ്ങിയത്. പിന്നീട് പല തവണ ബന്ധപ്പെട്ടപ്പോള്‍ 15,000 രൂപ തിരിച്ച് നല്‍കിയെങ്കിലും ബാക്കി തുകയായ 35,000 രൂപ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ ഫോണും എടുക്കാറില്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു.












Click it and Unblock the Notifications