കണ്ണൂരില്‍ വന്‍ലഹരി വേട്ട: യുപി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ എക്‌സൈസ് അറസ്റ്റില്‍
കണ്ണൂര്‍: ഇരിട്ടി കൂട്ടുപുഴയിലും കണ്ണൂര്‍ നഗരത്തിലും വന്‍ ലഹരി വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഇരിട്ടി കൂട്ടുപുഴയില്‍ കാറില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി വടകര ഒഞ്ചിയം സ്വദേശികളും കണ്ണൂര്‍ നഗരത്തിലെ താളിക്കാവില്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് അറസ്റ്റിലായത്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്നും രണ്ടു ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരിമരുന്നായ മെത്താ ഫിറ്റാമിനും കഞ്ചാവുമായി രണ്ടു യുവാക്കളെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ വാഹന പരിശോധനയ്കിടെ എക്‌സൈസ് സംഘം പിടികൂടിയത്. വടകര ഒഞ്ചിയം സ്വദേശി പി. അമല്‍രാജ് (32), അഴിയൂര്‍ കുഞ്ഞിപ്പള്ളിയിലെ പി.അബ്ബാസ്(32) എന്നിവരെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

വാഹന പരിശോധനയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും വടകരയിലേക്ക് കെഎല്‍ 77 ബി. 8061 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയ്ക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. മനോജ്, ഗ്രേഡ്പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ വി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫെമിന്‍. ഇ എച്ച്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ദൃശ്യ. ജി, ഡ്രൈവര്‍ ജുനീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ഇതിനു സമാനമായി മയക്കുമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശിയെ കണ്ണൂര്‍ നഗരത്തില്‍നിന്നാണ് പിടികൂടിയത്.
ഉത്തര്‍പ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂര്‍ താളിക്കാവില്‍ വെച്ച് പിടിച്ചത്. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് രണ്ടുകിലോഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി.എം.എ.യും 333 മില്ലിഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു.
കണ്ണൂര്‍ ടൗണ്‍ ഭാഗത്തും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകള്‍ വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപുവെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ നടക്കും. പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ പി.പി.സുഹൈല്‍, സി.എച്ച്.റിഷാദ്, എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, പി.നിഖില്‍, സി.അജിത്ത്, കെ.ഷജിത്ത് എന്നിവര്‍ പങ്കെടുത്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും എക്‌സൈസ് വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി ആര്‍. അജിത്ത് കുമാറിന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫ് ടീമും മയക്കുമരുന്ന് വിതരണവും വില്‍പനയും കണ്ടെത്താനുള്ള റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications