തലശേരി-മാഹി ബൈപ്പാസിലെ ടോള്‍ ബൂത്തിലെ യാത്രാദുരിതം, മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയാ കേസെടുത്തു
തലശേരി: തലശേരി-മാഹി ബൈപ്പാസിലെ ടോള്‍ പിരിവിനെതിരെ വിവിധസംഘടനകള്‍ പ്രതിഷേധ സമരം നടത്തിവരികെ മനുഷ്യാവകാശകമ്മിഷനും കേസെടുത്തു. ദേശീയപാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശകമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശകമ്മിഷന്‍ സ്വമേധയായാണ് കേസെടുത്തത്.
തലശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്ത ദിവസം മുതല്‍ ടോള്‍പിരിവ് തുടങ്ങിയിരുന്നു. ആറുവരി പാതയ്ക്കു ടോള്‍ ബൂത്തില്‍ 24 ഗേറ്റുകള്‍ വേണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ ഇതു നോക്കികുത്തിയാക്കി കൊണ്ടു നാലുവരിയാക്കി ചുരുക്കിയെന്നാണ് പരാതി.

ആംബുലന്‍സ് ഉള്‍പ്പെടെ അടിയന്തിരമായി കടത്തിവിടേണ്ട വാഹനങ്ങള്‍, വി.വി. ഐ.പി വാഹനങ്ങള്‍, ടോള്‍ ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ കടത്തിവിടാന്‍ പ്രത്യേക ഗേറ്റുകളില്ലെന്ന പരാതിയും ശക്തമായിരുന്നു. ഇതോടെ ട്രയല്‍ റണ്‍ആരംഭിച്ചതുമുതല്‍ വാഹനതിരക്കുളള സമയങ്ങളില്‍ ടോള്‍ ഗേറ്റില്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു.
ട്രയല്‍ റണ്‍ സമയത്ത് തന്നെ ഇവിടെ ഗതാഗതകുരുക്ക് ശ്രദ്ധയില്‍പ്പെട്ട ദേശീയപാത അതോറിറ്റി റീജ്യനല്‍ ഓഫീസര്‍ ബി. എല്‍. മീണ വീതികൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. റോഡില്‍ വലിയ തോതില്‍ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്ത ഭാഗം മണ്ണുമാന്തി ഉപയോഗിച്ചു പൊളിച്ചു നീക്കിയെങ്കിലും ആറുവരിയായി വാഹനം കടത്തിവിടാനുളള സ്ഥലം ലഭിച്ചില്ല.
ഉദ്ഘാടന ശേഷം ടോള്‍ പിരിവ് തുടങ്ങിയതോടെ കുരുക്ക് അതിരൂക്ഷമായി. ഇതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമരപരിപാടികള്‍ നടത്തിയതോടെ സംഭവം വിവാദമായി മാറി. കുരുക്ക് അഴിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസുകാര്‍ ടോള്‍ ബൂത്ത് ബലമായി തുറന്നു വാഹനങ്ങള്‍ സൗജന്യമായി വിട്ടതിനെ തുടര്‍ന്ന് എടക്കാട് പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. പുതുതായി തുറന്ന ടോള്‍ പ്ളാസ വിവിധ സംഘടനകളുടെ സമരവേദിയായതിനെ തുടന്നാണ് മനുഷ്യാവകാശകമ്മിഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. ജനങ്ങളുടെ യാത്രാസൗകര്യം തടസപ്പെടുത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മിഷന്‍ കേസെടുത്തത്.












Click it and Unblock the Notifications