കണ്ണൂരില്‍ 5 വയസില്‍ താഴെയുള്ള കുട്ടികളില്‍ 85.63 ശതമാനവും പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ 157072 കുഞ്ഞുങ്ങള്‍ക്ക് ഞായറാഴ്ച പോളിയോ വാക്‌സിനേഷന്‍ നല്‍കി. ജില്ലയിലെ 5 വയസ്സില്‍ താഴെയുള്ള ആകെ കുട്ടികളുടെ 85.63 ശതമാനമാണ് ഇത്. 1138 അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഇന്നലെ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 1880 ബൂത്തുകളും 48 ട്രാന്‍സിറ്റ് ബൂത്തുകളും 98 മൊബൈല്‍ ബൂത്തുകളുമാണ് പോളിയോ വിതരണത്തിനായി പ്രവര്‍ത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എം പ്രീത അധ്യക്ഷത വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം കെ ഷാജ്, ജില്ലാ ആര്‍ സി എച്ച് ഓഫിസര്‍ ഡോ. ബി സന്തോഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ എന്നിവര്‍ പ്രസംഗിച്ചു. അതേസമയം സംസ്ഥാനത്താകെ 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.

തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പര്‍വൈസര്‍മാരേയും തയ്യാറാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിലും 84.41 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചത് നേട്ടമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂര്‍ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കാസര്‍ഗോഡ് 96,579 എന്നിങ്ങനേയാണ് മറ്റ് ജില്ലയിലെ കണക്കുകള്‍.

പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ആരോഗ്യമന്ത്രി നിര്‍വഹിച്ചത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മല്‍ഹാറിനു നല്‍കിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് വീണ ജോര്‍ജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Recommended Video


ഇത് വഴി മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. രണ്ടായിരത്തിന് കേരളം പോളിയോ മുക്തമാണ്. എന്നാലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗ സാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന ശാരീരിക വൈകല്യം തടയേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്നെ അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

പോളിയോ ബൂത്തുകള്‍ക്ക് പുറമേ ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പോളിയോ വിതരണത്തിനായി സജ്ജമാക്കിയിരുന്നു. ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. തുള്ളിമരുന്ന് എടുക്കാന്‍ കഴിയാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം












Click it and Unblock the Notifications