കതിരൂരിൽ ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെ ഉഗ്രസ്ഫോടനം;ആസാം സ്വദേശിക്കും മക്കൾക്കും പരിക്ക്
തലശേരി:കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാട്യം മൂഴി വയലിലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ആസാം സ്വദേശിക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റു. സ്ഫോടനത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ആസാം സ്വദേശി ഷഹീദ് അലിയെ (45) പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മക്കളായ നൂറുദ്ദീൻ (പത്ത്) മുത്തലിബ് ( എട്ട്) എന്നിവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ കിട്ടിയ വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെ ഞായറാഴ്ച്ച രാവിലെ ഒൻപതു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. കതിരൂർ മേഖലയിൽ താമസിച്ചു വരുന്ന ഷഹീദ് അലി ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. വർഷങ്ങളായി ഇയാൾ പാട്യം മേഖലയിൽ താമസിച്ചു വരികയാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ നുറുകണക്കിന് ഇതര സംസ്ഥാന കുടുംബങ്ങളാണ് കുത്തു പറമ്പ്, പാനൂർ , കതിരൂർ മേഖലകളിൽ കഴിയുന്നത്. രണ്ടു പതിറ്റാണ്ടു മുൻപ് തലശേരി കൊളശേരിയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അമാവാസിയെന്ന തമിഴ് നാടോടി ബാലന്റെ കണ്ണു നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷം സർക്കാരാണ് അമാവസിയെ ഏറ്റെടുത്ത് പഠിപ്പിച്ചു പൂർണ ചന്ദ്രനെന്ന പേരിട്ടത്.

കഴിഞ്ഞ വർഷം പാനൂർ മേഖലയിലുണ്ടായ സ്‌ഫോടനത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അച്ഛനും മകനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച അലുമിനിയം ചെറു പാത്രം തുറക്കുന്നതിനിടെയാണ് ഇവർ സ്ഫോടനത്തിൽ മരിച്ചത്. വീടിനകത്തു നിന്നാണ് സ്ഫോടനമുണ്ടായത്. ഇതിനു ശേഷമാണ് മറ്റൊരു സ്ഫോടനം കൂടി കതിരൂരിലെ പാട്യത്ത് നടന്നത്.
പാർട്ടി ഗ്രാമങ്ങളിൽ നടക്കുന്ന ബോംബ് നിർമ്മാണം കണ്ടെത്താനും തടയാനും ഇതു വരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ബോംബ് നിർമ്മാണത്തിനിടെയിൽ സ്ഫോടനമുണ്ടാവുകയും ആളുകൾ കൊല്ലപ്പെടുകയും ചെയ്യുമ്പോഴാണ് പൊലിസ് രണ്ടോ മൂന്നോ ദിവസം നീളുന്ന റെയ്ഡ് നടത്തി വരുന്നത്. ഐസ് ക്രീം ബോംബുകൾ ഉൾപ്പെടെ ആളൊഴിഞ്ഞ കുറ്റിക്കാടുകൾ, വിജന പ്രദേശങ്ങൾ, ആൾ പാർപ്പില്ലാത്ത വീട്ടുപരിസരങ്ങൾ എന്നിവ ട ങ്ങളിലാണ് കുഴിച്ചിടുന്നത്. കലുങ്കുകളിലും തോടുകൾക്കു സമീപവും ബോംബുകൾ സൂക്ഷിക്കാറുണ്ട്.












Click it and Unblock the Notifications