കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ കടപുഴകിയത് 2300ലേറെ ഇലക്ട്രിക് പോസ്റ്റുകള്‍; വൈദ്യുതി പുനസ്ഥാപിക്കാന്‍ പാടുപെട്ട് ജീവനക്കാര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ശക്തമായി തുടരുന്ന മഴയില്‍ ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനത്തില്‍ ഇതുവരെയില്ലാത്ത നാശനഷ്ടങ്ങളാണ് ഇക്കൊല്ലം ജില്ലയിലുണ്ടായതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ സമിതി അവലോകന യോഗം വിലയിരുത്തി. 336 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2306 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ആറു ട്രാന്‍സ്‌ഫോമറുകളുമാണ് കാറ്റിലും മഴയിലും തകര്‍ന്നത്. ഇതുകാരണം 1,80,000ത്തിലേറെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങി.

എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തകരാറുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയതെന്ന് യോഗം വിലയിരുത്തി. സര്‍വീസില്‍ വിരമിച്ച ആളുകളെ കൂടി ഉപയോഗപ്പെടുത്തിയാണ് തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത്. പ്രശ്‌നങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ജീവനക്കാരെ വിന്യസിച്ചു.

KSEB

രാപ്പകല്‍ ഭേദമില്ലാതെയുള്ള ഇവരുടെ പരിശ്രമം മൂലം 90 ശതമാനത്തിലേറെ തകരാറുകളും പരിഹരിക്കാനായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ രണ്ട് ദിവസത്തിനകം പരിഹരിക്കും. ജനങ്ങളില്‍ നിന്ന് പൊതുവെ നല്ല സഹകരണമാണ് ലഭിക്കുന്നതെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഉണ്ടാവുന്നുണ്ട്. അടിയന്തര സാഹചര്യം മനസ്സിലാക്കി ജീവനക്കാര്‍ക്ക് പരമാവധി സഹകരണം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

കാലവര്‍ഷക്കെടുതി മൂലം ജില്ലയില്‍ തകര്‍ന്ന വീടുകളുടെ നഷ്ടം രണ്ട് ദിവസത്തിനകം കണക്കാക്കി വില്ലേജ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപന ഓവര്‍സിയര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 30 വീടുകള്‍ പൂര്‍ണമായും 1269 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് കണക്കുകള്‍. ഏകദേശം നാല് കോടിയോളം രൂപയുടെ നാശനഷ്ടമാണ് ഈ ഇനത്തില്‍ മാത്രം ജില്ലയില്‍ ഉണ്ടായതായി കണക്കാക്കപ്പെടുന്നത്. ഇവയ്ക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കുന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. പലയിടങ്ങളിലും നഷ്ടപരിഹാര വിതരണം പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. യോഗത്തില്‍ സബ്കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Incessant rain in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X