പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവം; കണ്ണൂരിൽ 2 പേർ അറസ്റ്റിൽ
കണ്ണൂർ: പോലീസ് സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലിസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തത് സനൂപ് ചോദ്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചൊക്ലി മുക്കിൽപീടികയിലായിരുന്നു സംഭവം നടന്നത്. ചൊക്ലി എസ്ഐയേയും സംഘത്തേയുമായിരുന്നു സനൂപ് ചോദ്യം ചെയ്തത്.

റോഡരികിൽ നിർത്തിയിട്ട ബൈക്കിന് ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ സുഹൃത്തിൽ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നതായി സനൂപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പോലീസ് വാഹനം അവിടെ നിന്ന് പോയി മടങ്ങി വരുമ്പോഴാണ് എസ് ഐ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സനൂപ് ചോദ്യം ഉയർത്തിയത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തത് ചോദ്യം ചെയ്യുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സനൂപ് വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ പെറ്റി അടിച്ച വിരോധം കാണിക്കാൻ വാഹനം തടയുകയല്ല വേണ്ടതെന്നും പോലീസിനെ ചോദ്യം ചെയ്യാൻ നീ ആരാണെന്നും സനൂപ് വീഡിയോയിൽ ചോദിക്കുന്നുണ്ട്.
വാഹനം തടഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് സനൂപ് പറയുമ്പോഴും ഇവനെതിരെ എഫ് ഐ ആർ ഇട് എന്ന് എസ് ഐ പറയുന്നുണ്ട്.
തുടർന്ന് സനൂപിന്റെ അഡ്രസ് വാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെടുകയായിരുന്നു. സനൂപ് വാഹനം തടഞ്ഞിട്ടില്ലെന്നും അത് തങ്ങൾ കണ്ടതാണെന്നും നാട്ടുകാർ വാദിച്ചു.വാഹനം തടഞ്ഞിന്റെ പേരിൽ കേസെടുക്കാൻ പാടില്ലെന്നും ആളുകൾ പറഞ്ഞതോടെ നാട്ടകാർക്കെതിരേയും പോലീസ് രംഗത്തെത്തുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ പോലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉണ്ടായിരുന്നു.












Click it and Unblock the Notifications