രാജ്യ സ്വാതന്ത്ര്യവും മതേതരത്വവും പ്രാണവായു പോലെ സംരക്ഷിക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ :രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും പരമാധികാരവും പ്രാണവായു പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്ന് രജിസ്‌ട്രേഷന്‍ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് മൈതാനത്ത് നടന്ന പരേഡില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹിംസയിലൂന്നിയെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന്റെ അനര്‍ഘസാക്ഷ്യമാണ് റിപബ്ലിക്ക് ദിനം. രാജ്യം സ്വതന്ത്ര പരമാധികാര മതേതര റിപബ്ലിക്ക് ആയി മാറിയ ദിവസം. മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളുടെയും അനവധിയായ രക്തസാക്ഷികളുടെയും ത്യാഗനിര്‍ഭരമായ സമര്‍പ്പണത്തിന്റെ ഫലം. അത്തരം ചരിത്ര സന്ദര്‍ഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് അവിടെയും ഇവിടെയും കാണുന്നു. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്.

ചരിത്രം മാറ്റിയെഴുതാനും ചരിത്ര നായകരെ ഇല്ലാതാക്കാനോ സാധ്യമല്ല. രാജ്യത്തിന്റെ മതേതര ജനാധിപത്യ പരമാധികാര ഐക്യം സംരക്ഷിക്കപ്പെടണം. ഇതിന് പുതുതലമുറയില്‍ ദേശാഭിമാനം ഉണരണം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരന്നു. പൊലീസ്, എക്‌സൈസ്, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് , എസ് പി സി , ജൂനിയര്‍ റെഡ് ക്രോസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.
മുഴക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ പരേഡ് നയിച്ചു. ഡി എസ് സി ബാന്റ് ട്രൂപ്പ് , ആര്‍മി പബ്ലിക് സ്‌കൂള്‍ ബാന്റ് ട്രൂപ്പ്, കണമ്പൂര്‍ എച്ച്എ എസ് എസ് എസ്പി സി ബാന്റ് ട്രൂപ്പ് എന്നിവര്‍ അകമ്പടിയായി. മട്ടന്നൂര്‍ പഴശിരാജാ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ബാന്റ് ട്രൂപ്പും മന്ത്രിയെ അഭിവാദ്യം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പരേഡ് പരിശോധിച്ചു. മികച്ച പരേഡിനും പരേഡ് നയിച്ചവര്‍ക്കുമുളള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.വിവിധ വകുപ്പുകളുടെ ഫ്‌ലോട്ടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് ജില്ലയിലെ സംഗീതാധ്യാപകര്‍ ആലപിച്ച ദേശഭക്തി ഗാനവും വിവിധ കലാപരിപാടികളും അരങ്ങേറി.
കെ വി സുമേഷ് എം.എല്‍.എ, മേയര്‍ മുസ് ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി.ദിവ്യ ,ഡെപ്യൂട്ടി മേയര്‍ കെ ഷബീന, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് , ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍, റൂറല്‍ പോലീസ് മേധാവി എം ഹേമലത, സബ്കലക്ടര്‍ സന്ദീപ് കുമാര്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡി എഫ് ഒ പി കാര്‍ത്തിക്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications