കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടപൂജ്യത്തില്‍ നിന്നും നാടിന്റെ നായകനായ കഥ; കണ്ണൂരിന്റെ പുതിയ കളക്ടർക്ക് പറയാനുള്ളത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും വിജയിച്ചവര്‍ക്ക് നാടെങ്ങും ഫ്ലക്സടിച്ചും പാര്‍ട്ടികളും ക്ലബുകളും സ്വീകരണം നല്‍കുമ്പോള്‍ കണ്ണുനിറയുന്ന പരാജിതരെ നിങ്ങള്‍ ജീവിതത്തില്‍ തോറ്റുപോയിട്ടുമൊന്നുമില്ല. വിജയത്തിലേക്കുള്ള ഒട്ടേറെ പടവുകള്‍ ഇനിയും നിങ്ങള്‍ക്കു മുന്‍പിലുണ്ട്. വിജയിച്ചവരെ തിടമ്പേറ്റി നടക്കുന്നവരുടെ പുറംപൂച്ചുകണ്ട് നിങ്ങള്‍ ഭയക്കേണ്ടതില്ല. ജീവിതത്തില്‍ പഠിക്കുന്ന പാഠങ്ങള്‍ക്കപ്പുറം മറ്റു പലതുമുണ്ട്. ആത്യന്തികമായ ജീവിത വിജയമാണ് പ്രധാനം.

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു!! ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

അത്തരമൊരു കഥയാണ് കണ്ണൂരില്‍ പുതുതായി ചുമതലയേറ്റെടുത്ത കണ്ണൂര്‍ കലക്ടര്‍ ടിവി സുഭാഷിന്റെത്. താന്‍ ഇങ്ങനെ ഈ സ്ഥാനത്തെത്തി എന്നതിന്റെ കഥ അദ്ദേഹം തന്നെയാണ് മറ്റുള്ളവരോട് പറഞ്ഞത്. പഠിച്ച ക്ലാസുകളില്‍ ഒന്നും തന്നെ കേമനായിരുന്നില്ല കണ്ണൂരിലെ പുതിയ കലക്ടര്‍ ടിവി സുഭാഷ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ കുട്ടിക്കാലം പോലെ ഒരുവട്ടപൂജ്യം. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ ഏറ്റവും മോശം വിദ്യാര്‍ത്ഥിയായിരുന്ന സുഭാഷിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ഒന്‍പതാം ക്ലാസില്‍ വച്ച് തന്റെ ക്ലാസിലെ അധ്യാപികയായിരുന്നു.

tv subhash

ടീച്ചര്‍ സുഭാഷ് പഠിക്കുന്ന ക്ലാസില്‍ പഠന നിലവാരത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പതിനഞ്ച് വിദ്യാര്‍ത്ഥികളുടെ പേര് ക്ലാസില്‍ വച്ച് എടുത്തു പറഞ്ഞു. പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ ഇത് നിര്‍ത്തിയിട്ട് വല്ല പണിക്കും പോയിക്കൂടെയെന്ന് ദേഷ്യംകൊണ്ട് വിറച്ച് ഈ അധ്യാപിക കുട്ടികളുടെ മുഖത്തുനോക്കി പച്ചയ്ക്കങ്ങു ചോദിച്ചു.

കഠാരതുമ്പിനെക്കാള്‍ മൂര്‍ച്ചയുളള ടീച്ചറുടെ ക്രൂരമായ ഈ വാക്കുകള്‍ സുഭാഷിനെ വല്ലാതെ പൊള്ളിച്ചു. അതുവരെ ജീവിതത്തെ കുറിച്ച് ഒരു ലക്ഷ്യബോധവും ഇല്ലായിരുന്ന ഈ കൗമാരക്കാരന്‍ ടീച്ചറുടെ വാക്കുകളെ കുറിച്ച് ഏറെ ചിന്തിച്ചു മനസുരുക്കി.

കൂലിപ്പണി ചെയ്തായിരുന്നു അച്ഛനും അമ്മയും സുഭാഷിനെ വളര്‍ത്തിയതും പഠിപ്പിച്ചതും. ടീച്ചറുടെ ശകാരത്തില്‍ നിന്നുമുണ്ടായ ഹൃദയവേദന പിന്നീട് വാശിയായി മാറി. ഇനി ജീവിതത്തിലൊരിക്കലും ഒരു മോശം വിദ്യാര്‍ത്ഥിയായി ആരും തന്നെ വിലയിരുത്തരുതെന്ന ഉറച്ച തീരുമാനം ആ രാത്രിയില്‍ തന്നെ അദ്ദേഹം എടുത്തു. ഈ തീരുമാനമായിരുന്നു ഉഴപ്പനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഐഎഎസ് ഓഫീസര്‍ എന്ന സ്വപ്‌നത്തിലേക്ക് സുഭാഷിനെ എത്തിച്ചത്.

പത്താം ക്ലാസില്‍ ഉന്നതം വിജയം നേടി നാട്ടിക എസ്എന്‍ കോളേജില്‍ നിന്ന് പ്രീ ഡിഗ്രിയും ബിരുദവും പാസായി. കലാലയ കാലയളവില്‍ മുഴുനീളം എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. മാര്‍ക്‌സിനെയും ചെഗുവേരയെയും ഇഎംഎസിനെയും എകെജിയെയും മനസിലേറ്റിയ കാലം. വിദ്യാര്‍ഥി രാഷ്ട്രീയത്തോടൊപ്പം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും ഉന്നത വിജയത്തോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കാലടി ശ്രീ ശങ്കര സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്ഡബ്ല്യുവില്‍ ബിരുദവും നേടി.

പിന്നീട് താന്‍ സ്വപ്‌നം കണ്ട ലോകം നിര്‍മിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് കടന്നു. മാക്‌സിയന്‍ ധനതത്ത്വ ശാസ്ത്രം വായിച്ച് ദാര്‍ശനിക പശ്ചാത്തലം ഒരുക്കി. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും യുവജന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. പൊതുപ്രവര്‍ത്തനം ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഈ സമയം ഇന്ത്യയെ കാര്‍ന്നുതിന്നുന്ന മാഹാമാരിയായ എയ്ഡ്‌സിനെ എതിരാടിനിറങ്ങി. എയ്ഡ്‌സ് ബോധവത്ക്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അന്താരാഷ്ട്ര സമ്മേളനങ്ങളിലടക്കം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പിഎസ്സി മുഖേന 2007ല്‍ സുഭാഷ് നേരിട്ട് ഡപ്യൂട്ടി കളക്ടറായി നിയമിതനായി. ഡപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ, എഡിഎന്‍ തുടങ്ങിയ തസ്തികകളില്‍ എട്ട് ജില്ലകളില്‍ ജോലി ചെയ്തു. 2017ല്‍ സര്‍ക്കാര്‍ ഐഎഎസ് നല്‍കിയ ഒന്‍പതു പേരില്‍ സുഭാഷും ഉള്‍പ്പെട്ടിരുന്നു. ഐഎഎസ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചത് സംസ്ഥാന പബ്ലിക് റിലേഷന്‍ ഡയറക്ടറായിട്ടായിരുന്നു. ഇതിനു മുന്‍പ് തലശ്ശേരി ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ചതാണ് കണ്ണൂരുമായുള്ള സുഭാഷിന്റെ ബന്ധം.

ഇനി വരുന്ന ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയുടെ ഭരണ നേതൃത്വത്തിന്റെ തലപ്പത്ത് സുഭാഷെത്തുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് നാടുമുഴുവന്‍. ലാളിത്യവും സമഭാവനയും കൊണ്ട് കണ്ണൂരിന്റെ മനസ് കവര്‍ന്നാണ് നേരത്തെയുള്ള കലക്ടര്‍ മീര്‍ മുഹമ്മദലി പടിയിറങ്ങുന്നത്. സാങ്കേതിക, കായിക വിപ്ലവമടക്കമുള്ള ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ തുടര്‍ച്ചായായെത്തുന്ന കലക്ടര്‍ എന്ന വെല്ലുവിളി സുഭാഷിനുണ്ട്. എന്നും രാഷ്ട്രീയ വിവാദങ്ങള്‍ തിളച്ചുമറിയുന്ന മണ്ണില്‍ ഈ പഴയ എസ്എഫ്ഐക്കാരന്റെ വഴികള്‍ പൂക്കള്‍ വിരിച്ചതായിരിക്കില്ല.

English summary
Inspiring story of Kannur district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X