വാദ്യകലാകാരന്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് നാടിന്റെ യാത്രാമൊഴി
കണ്ണൂര്‍: വാദ്യകലയെ ജനകീയവല്‍ക്കരിച്ച കടന്നപ്പളളി ശങ്കരന്‍കുട്ടി മാരാറിന്(72) നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച വൈകീട്ട് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പഞ്ചവാദ്യ സംഘം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.ബുധനാഴ്ച രാവിലെയായിരുന്നു ശങ്കരന്‍കുട്ടി മാരാരിന്റെ വിയോഗം.
വാദ്യകലയ്ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പട്ടിണിയും ദാരിദ്ര്യവും മൂലം കടന്നപ്പളളി യു.പി സ്‌കൂളിലെ ഏഴാം ക്‌ളാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പിതാവ് ശങ്കരമാരാറില്‍ നിന്നും വാദ്യമേളങ്ങളുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം കടന്നപ്പളളി വെളളാലങ്ങര ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അരനൂറ്റാണ്ടിലധികമായി മേള പെരുമയുടെ ആസ്വാദ്യത ലോകം മുഴുവന്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

കോറോത്ത് നാരായണ മാരാറെ ഗുരുവായി സ്വീകരിച്ചു വീണ്ടും നീണ്ട വര്‍ഷങ്ങള്‍ ചെലവഴിച്ചു. പിന്നീട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ കൂടെ കൂട്ടിനു കിട്ടിയപ്പോള്‍ വാദ്യലോകത്ത് ഇദ്ദേഹം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. പാരീസ്, ലണ്ടന്‍, ഇന്‍ഡോര്‍, ബ്രസീല്‍, മൊറോക്കൊ, സിംഗപ്പൂര്‍ തുടങ്ങി പതിനാലോളം വിദേശരാജ്യങ്ങളില്‍ ഇദ്ദേഹം വാദ്യകലയിൽ പെരുമതീര്‍ത്തു. വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്തമായ ക്ഷേത്രകലങ്ങള്‍ സമൂഹത്തിലെ കീഴ്ജാതിക്കാരെ കൂടെ അഭ്യസിച്ചതിലൂടെ സമുദായത്തില്‍ നിന്നും കടുത്ത എതിര്‍പ്പു ശങ്കരന്‍ കുട്ടിമാരാര്‍ നേരിട്ടിരുന്നു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ചു അദ്ദേഹം തന്റെ കഴിവുകള്‍ പിന്‍മുറകളിലേക്ക് പകര്‍ന്നു നല്‍കി.
ഗുരുവായൂര്‍ ദേവസ്വം നാലുതവണ ശങ്കരന്‍കുട്ടിയെ ആദരിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ ദേവസ്വം ഓച്ചര്‍ ബഹുമതി നല്‍കിയിരുന്നു. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തു നിന്ന് വാദ്യരത്‌നം ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. പയ്യന്നൂര്‍ പഞ്ചവാദ്യം സംഘം രൂപീകരിച്ച ഇദ്ദേഹം മരണസമയം വരെ അതിന്റെ രക്ഷാധികാരിയായിരുന്നു.
പുളിയമ്പളളി വിജയലക്ഷ്മി വാരസ്യാരാണ് ഭാര്യ: മക്കള്‍: ശ്രീലത(തിരുവില്വാമല) സ്മിത(അസി. എഡ്യൂക്കേഷന്‍ ഓഫിസ് തളിപറമ്പ്) ശ്രീവിദ്യ(ചെങ്ങല്‍) മരുമക്കള്‍: ശശികുമാര്‍(റിട്ട. ആര്‍മി) കോട്ടക്കല്‍ രമേശന്‍( പറശിനി മഠപ്പുരക്ഷേത്രം) സുരേന്ദ്രന്‍(ബഹ്‌റിന്‍) സഹോദരങ്ങള്‍: നളിനി മാരസ്യാര്‍, പരേതരായ നാരായണി മാരസ്യാര്‍, കലാചാര്യ ടി.വി ബാലകൃഷ്ണ മാരാര്‍












Click it and Unblock the Notifications