മന്ത്രിക്കും സംഘത്തിനും വിസ്മയമായി അന്താരാഷ്ട്ര നിലവാരമുള്ള മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ
മട്ടന്നൂർ: റവന്യൂ മന്ത്രി അഡ്വ. കെ രാജൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്ന് എത്തിയ സംഘത്തിന് അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിസ്മയമായി. മുണ്ടേരി സ്കൂളിന് തുല്യമായി ഒരു സ്കൂളും നിലവിൽ കേരളത്തിൽ ഇല്ലെന്നും ഈ ഗവ. സ്കൂൾ കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ ഒരു അത്ഭുതമാണന്നും എല്ലാം വീക്ഷിച്ചതിന് ശേഷം മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നിയോജക മണ്ഡലമായ ഒല്ലൂരിലെ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പട്ടിക്കാട് ജി എൽ പി എസിലെ അധ്യാപകരും വിദ്യാർഥികളും സാമൂഹ്യ പ്രവർത്തകരുമാണ് മന്ത്രിക്കൊപ്പം മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ഉന്നത നിലവാരത്തിലുള്ള ഹൈ ടെക് ഭൗതിക സാഹചര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും നേരിട്ട് മനസിലാക്കാനായി എത്തിയത്.

മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാനും മുൻ എം പി യുമായ കെ.കെ രാഗേഷ്, മുദ്ര വിദ്യാഭ്യാസ സമിതി അംഗങ്ങൾ, സ്കൂൾ അധികാരികൾ തുടങ്ങിയവർ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും വിശദീകരിച്ചു.
ഇരുപതിനായിരത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും അതിൻ്റെ ഹൈ ടെക് പ്രവർത്തനങ്ങളും ആദ്യം മനസ്സിലാക്കി. തുടർന്ന് ലോകത്തിലുള്ള ഏതു ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ സാധിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും കണ്ടു. അന്തർദേശീയ നിലവാരത്തിലുള്ള ഇൻ്റർ ആക്ടീവ് ബോർഡുകൾ ഉൾപ്പെടെയുള്ള ക്ലാസ് മുറികൾ, അഡ്വാൻസഡ് റോബട്ടിക് ലാബ്, ഉന്നത നിലവാരത്തിലുള്ള സയൻസ് ലാബുകൾ, 250 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള എയർ കണ്ടീഷൻ ചെയ്ത ഹൈടെക് വീഡിയോ കോൺഫറൻസ് ഹാൾ, ആയിരം സീറ്റിങ് കപ്പാസിറ്റിയുള്ള ശീതികരിച്ച ഓഡിറ്റോറിയം, കിച്ചൻ, ഡൈനിങ് ഹാൾ , സ്കൂൾ ഗ്രൗണ്ട്, പണി പൂർത്തിയായി കൊണ്ടിരിക്കുന്ന സയൻസ് പ്ലാനറ്റേറിയം, സോളാർ പ്ലാൻ്റ് എന്നിവ സംഘം സന്ദർശിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പട്ടിക്കാട് ജി എൽ പി എസിലെ അധ്യാപകരും വിദ്യാർഥികളും, രക്ഷകർത്താക്കളും സാമൂഹ്യ പ്രവർത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, വി കെ സുരേഷ് ബാബു, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അനിഷ , മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം മനോജ് കുമാർ, പ്രധാനധ്യാപിക റംലത്ത് ബീവി, മുദ്ര വിദ്യാഭ്യാസ സമിതി ജനറൽ കൺവീനർ പി പി ബാബു മാസ്റ്റർ, സമിതി അംഗം കെ വേണു എന്നിവരാണ് കെ കെ രാഗേഷിൻ്റെ ഒപ്പം മന്ത്രിയെയും സംഘത്തെയും സ്കൂളിൽ സ്വീകരിച്ചത്.












Click it and Unblock the Notifications