കാട്ടാനകളുടെ ആക്രമണം; കോണ്‍ക്രീറ്റിലുള്ള ആന മതില്‍ സ്ഥാപിക്കും; മാസ്റ്റര്‍ പ്ലാനിന് നിർദ്ദേശം
കാട്ടാനകളുടെ ആക്രമണം; കോണ്‍ക്രീറ്റിലുള്ള ആന മതില്‍ സ്ഥാപിക്കും; മാസ്റ്റര്‍ പ്ലാനിന് നിർദ്ദേശം
കണ്ണൂര്‍: കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്നത്തിന് ശാശ്വത പരിഹാരമായി കോണ്‍ക്രീറ്റിലുള്ള ആന മതില്‍ സ്ഥാപിക്കാൻ തീരുമാനം. ജില്ലാ കളക്ടറുടെ ചേംബറില്‍ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ് ആനകൾ.
പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച 22 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദേശം നല്‍കി. താല്‍ക്കാലിക പരിഹാരമായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തും.

കൂടാതെ ഫാമിലെ അടിക്കാട് വെട്ടിത്തെളിക്കാനായി സമീപ ഗ്രാമ പഞ്ചായത്തുകള്‍, മഹാത്മ ഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി, ആറളം ട്രൈബല്‍ റീസെറ്റില്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റ് മിഷന്‍ (ടി ആര്‍ ഡി എം), വനം വകുപ്പ് എന്നിവയുടെ സഹായത്തോടെയുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആറളം ഫാം എം.ഡിക്ക് യോഗം നിര്‍ദേശം നല്‍കി. ആന മതില്‍ സ്ഥാപിക്കുന്നത് വരെയുള്ള സംരക്ഷണത്തിനായി ഹാങ്ങിങ് ഫെന്‍സിങ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ യോഗത്തിൽ ആവശ്യപ്പെട്ടു.
ആറളം ഫാമിലെ വന്യ ജീവി ശല്യം മൂലമുണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമായി 19 കോടിയോളം രൂപ വനം വകുപ്പ് നല്‍കാനുണ്ടെന്ന് ഫാം എംഡി അറിയിച്ചു. വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന് ഓഫീസിനായി ഫാമില്‍ കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും എം.ഡി അറിയിച്ചു.
അതേസമയം, യോഗത്തില്‍ എം.എല്‍.എമാരായ കെ.കെ. ശൈലജ, അഡ്വ. സണ്ണി ജോസഫ്, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, അസി. കളക്ടര്‍ മുഹമ്മദ് ഷഫീഖ്, കണ്ണൂര്‍ ഡി എഫ് ഒ പി. കാര്‍ത്തിക്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കെ. വേലായുധന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പിഡബ്ല്യുഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ജിഷാകുമാരി, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സന്തോഷ് കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ പി പി ഗിരീഷ്, ആറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. രാമചന്ദ്രന്‍, ഐടിഡിപി പ്രൊജക്ട് മാനേജര്‍ എസ് സന്തോഷ് കുമാര്‍, ആറളം ഫാം ട്രേഡ് യൂനിയന്‍ പ്രതിനിധികളായ കെ കെ ജനാര്‍ദനന്‍ (സിഐടിയു), കെ ടി ജോസ് (എഐടിയുസി) എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications