കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് കമ്മിഷണര്‍
കണ്ണൂര്‍: താവക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം നടത്തി കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന പരാതികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

പരാതികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഇതിനു ശേഷമാണ് പ്രത്യേക അന്വേഷണസംഘം കേസന്വേഷണം വിശദമായി നടത്തുകയെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. നിലവില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ നിന്നായി മുപ്പതിലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. മറ്റു ജില്ലകളില്‍ നിന്നും പരാതികള്‍ലഭിക്കാന്‍ തുടങ്ങിയതോടെയാണ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനൊരുങ്ങുന്നത്. തട്ടിപ്പില്‍ അര്‍ബന്‍ നിധി, അനുബന്ധസ്ഥാപനങ്ങളായ എ.ടി. എം എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ തൃശൂര്‍ സ്വദേശികളായ ഗഫൂര്‍, ഷൗക്കത്തലി എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇവരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ വിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും. അതേ സമയം എ.ടി. എം കമ്പിനി ഡയറക്ടറായ ആന്റണി രണ്ടു സ്ഥാപനങ്ങളത്തിളില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പു നടത്തിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് അറസ്റ്റിലായ ഷൗക്കത്തലി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേ സമയം വെളളിയാഴ്ച്ച രാവിലെയും അര്‍ബന്‍ നിധിയെന്ന സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പരാതിയുമായി നിരവധിയാളുകള്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ്‌സ്‌റ്റേഷനിലെത്തിയത്.പണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ആദായ നികുതിയായി നല്‍കേണ്ടിവരുമെന്നും ഇതൊഴിവാക്കാന്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പന്ത്രണ്ടു ശതമാനം വരെ പലിശയാണ് സ്ഥാപന അധികൃതര്‍ വാഗ്ദ്ധാനം ചെയ്തത്.
ഉയര്‍ന്ന പലിശ മോഹിച്ചു 34 ലക്ഷം രൂപവരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇരുപതിനായിരം മുതല്‍ അഞ്ചുലക്ഷം വരെയുള്ള നിക്ഷേപവും ഒരുലക്ഷം മുതല്‍ 34ലക്ഷം രൂപവരരെയുള്ള സ്ഥിര നിക്ഷേപവുമാണ് സ്ഥാപനം സ്വീകരിച്ചിരുന്നത്. പണം നിക്ഷേപിച്ച ആദ്യമാസങ്ങളില്‍ ചിലരുടെ അക്കൗണ്ടില്‍ പലിശ എത്തിയിരുന്നു. ഇതോടെ കമ്പിനിയെ വിശ്വസിച്ചുു പലരും നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പറഞ്ഞ സമയത്ത് പണം ലഭിക്കാതെയായതോടെയാണ് വഞ്ചിക്കപ്പെട്ടതെന്നു നിക്ഷേപകരില്‍ പലര്‍ക്കും മനസിലായത്. ഇതോടെയാണ് വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ പരാതി പ്രളയമുണ്ടായത്.












Click it and Unblock the Notifications