വികസന വിഷയങ്ങളില്‍ അവഗണിക്കുന്നു; യോഗത്തില്‍ നിന്ന് ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപോയി
കണ്ണൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന വിഷയങ്ങളില്‍ ഇരിക്കൂര്‍ പഞ്ചായത്തിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നസിയത്ത്, ബ്ലോക്ക് മെബര്‍ സി.വി.എന്‍.യാസറ എന്നിവര്‍ ബ്ലോക്ക് ഭരണസമിതി യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി.കേരള സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തി ഇരിക്കൂര്‍ പഞ്ചായത്തിന് 35 ലക്ഷം രൂപയുടെ വികസന സമുച്ചയം അനുവദിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള സ്ഥലം പഞ്ചായത്ത് ഭരണസമിതി കണ്ടെത്തുകയും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ ഒരു സ്വകാര്യ വ്യക്തി തങ്ങളുടെ വസ്തുവിലേക്കുള്ള വഴി ഈ പദ്ധതി മൂലം ഇല്ലാതാകുമെന്ന് പരാതിപ്പെടുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കുള്ള വഴി അനുവദിച്ചുകൊണ്ട് പദ്ധതി നിലനിര്‍ത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച ബ്ലോക്ക് ഭരണസമിതിയെ ഏല്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ റിപ്പോര്‍ട്ട് ബ്ലോക്ക് ഭരണസമിതിയില്‍ ചര്‍ച്ചക്ക് പോലും വെക്കാതെ പയ്യാവൂര്‍ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞിരക്കൊല്ലി യിലേക്ക് പദ്ധതി മാറ്റാനുള്ള നീക്കത്തിനെതിരെയാണ് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ യോഗം ബഹിഷ്‌കരിച്ചത്.

ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ ഇരിക്കൂറില്‍ പൊതു ശൗചാലയം, എടിഎം കൗണ്ടര്‍, കഫ്റ്റീരിയ,വിശ്രമ മുറി,മുലയൂട്ടല്‍ കേന്ദ്രം എന്നിവ ലഭിക്കുമായിരുന്നു.എല്ലാ പഞ്ചായത്തുകള്‍ക്കും ബ്ലോക്കില്‍ നിന്ന് ലഭിക്കേണ്ട വിവിധ റോഡുകള്‍ ലഭിച്ചിട്ട്‌പോലും ഇരിക്കൂര്‍ പഞ്ചായത്തിന് മരുന്നിന് പോലും റോഡ് ലഭിച്ചിട്ടില്ലയെന്നും പഞ്ചായത്തിന് ലഭിക്കേണ്ട അര്‍ഹമായ പദ്ധതികളില്‍ നിന്ന് ബ്ലോക്ക് ഭരണസമിതി ഇരിക്കൂറിനെ തഴയുകയാണെന്നും പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിപിഎം ഒറ്റയ്ക്ക് ഭരിച്ചുകൊണ്ടിരിക്കുന്ന ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ പൊതുവെ ഇരിക്കൂര്‍ പഞ്ചായത്തിനെ അവഗണിക്കുകയായിരുന്നു. മറ്റുള്ള പഞ്ചായത്തുകള്‍ക്ക് വാരിക്കോരി നല്‍കുമ്പോള്‍ ബ്ലോക് പഞ്ചായത്ത് ആസ്ഥാനം നിലനില്‍ക്കുന്ന ഇരിക്കൂര്‍ പലപ്പോഴും തഴയപ്പെടുകയായിരുന്നു' എന്നാല്‍ ഈ ബ്ലോക്ക് ഭരണസമിതിയില്‍ കക്ഷിനില തുല്യമാവുകയും നറുക്കെടുപ്പിലൂടെ സിപിഎമ്മിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വൈസ് പ്രസിഡന്റായി യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധി തെരഞ്ഞെടുക്കപ്പെടുകയും വികസനകാര്യ ചെയര്‍മാനായി യു ഡി എഫിലെ തല മുതിര്‍ന്ന നേതാവുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത.
ഈയൊരു പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരിക്കൂര്‍ പഞ്ചായത്തിന് അര്‍ഹതപ്പെട്ട വികസന ഫണ്ടും വികസന പ്രവര്‍ത്തികളും ലഭിക്കുമെന്ന പ്രതീക്ഷ ഭരണ സമിതി അംഗങ്ങള്‍ക്കും ജനങ്ങള്‍ക്കുമുണ്ടായിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും വികസനകാര്യങ്ങളില്‍ ഇരിക്കൂര്‍ പഞ്ചായത്തിനോട് ഈ ഭരണസമിതിയും ചിറ്റമ്മനയം കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് താനും ബ്ലോക്ക് മെമ്പറും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.












Click it and Unblock the Notifications