ഇരിക്കൂര്‍ കൊലപാതകം: ഒന്നാം പ്രതി റിമാന്‍ഡില്‍: ആസൂത്രകനായി പോലീസ് അന്വേഷണമാരംഭിച്ചു
ശ്രീകണ്ഠാപുരം: ഇരിക്കൂറില്‍ ദൃശ്യം മോഡലില്‍ സഹപ്രവര്‍ത്തകനെ കൊന്നുകുഴിച്ചിട്ടു അതിനു മുകളില്‍ കോണ്‍ക്രീറ്റു ചെയ്ത കേസില്‍ മുഖ്യ ആസൂത്രകനായി പൊലിസ് തെരച്ചില്‍ ശക്തമാക്കി. ഇരിക്കൂര്‍ പെരുവളത്ത് പറമ്പില്‍ സഹപ്രവര്‍ത്തകനെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ രണ്ടാം പ്രതിക്കായാണ് പൊലിസ് തെരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെ
പണമിടപാടിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന അഷിക്കൂല്‍ ഇസ്ലാമിനെ കൊന്നു കുഴിച്ചിട്ട ബംഗാള്‍ മൂര്‍ഷിദബാദ് സ്വദേശി സ്വദേശി പരേഷ് നാഥ് മണ്ഡലിനെ (26) കണ്ണൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പ്രതി മൂര്‍ഷിദബാദ് സ്വദേശി ഗണേഷിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇരിക്കൂര്‍ പൊലിസ് അറിയിച്ചു.
മൂന്നുപേരും ഒരുമിച്ച് തേപ്പു പണിയെടുത്തുവരികയായിരുന്നുവെന്നും മേസ്ത്രിയില്‍ നിന്നും ലഭിക്കാനുള്ള പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലിസ് പറഞ്ഞു. ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു ഒന്നും രണ്ടും പ്രതികള്‍ അഷിക്കൂല്‍ ഇസ്ലാമിനെ കൊല്ലുകയായിരുന്നുവെന്നാണ് പ്രതി പൊലിസിനു നല്കിയ മൊഴി. കൊലപാതകത്തിനു ശേഷം പരേഷ് ഗണേഷിന്റെ സഹയാത്തോടെയാണ് അഷിക്കൂലിന്റെ മൃതദേഹം കുഴിച്ചു മൂടിയത്. ഇതിനു ശേഷം ഇരുവരും താമസ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.
മംഗളൂരില്‍ നിന്നും പരേഷ്നാഥും ഗണേഷും രണ്ടു വഴിക്കു പോവുകയായിരുന്നു. ഇതിനു ശേഷം പോലീസ് പിന്തുടരുന്നത് ഒഴിവാക്കാന്‍ ഇരുവരും പരസ്പരമുള്ള ഫോണ്‍ വിളികള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഗണേഷ് മറ്റൊരാളുടെ ഗൂഗിള്‍ പേ അക്കൗണ്ടില്‍ നിന്നും വീട്ടിലേക്ക് പണമയച്ചതായി പൊലിസിന് വ്യക്തമായിട്ടുണ്ട്. ഈ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ് അറസ്റ്റിലായ പരേഷിന്റെ മൊഴിയെ തുടര്‍ന്ന് കുട്ടാവിലെ കെട്ടിടത്തില്‍ നിന്നും പൊലിസ് മണ്ണു നീക്കി പരിശോധന നടത്തിയപ്പോള്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പെരുവളത്ത് പറമ്പില്‍ താമസിച്ചു തേപ്പു പണി ചെയ്തു വരികയായിരുന്നു മൂവരും. കഴിഞ്ഞ ജൂണ്‍ 28നായിരുന്നു അഷിക്കൂല്‍ ഇസ്ലാമിനെ കാണാതായത്. മട്ടന്നൂരില്‍ നിര്‍മാണ ജോലി ചെയ്തുവരികയായിരുന്ന സഹോദരന് മോമിന് ഇരിക്കൂര്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രമായ ദൃശ്യത്തിന് സമാനമായ കൊലയാണ് ഇരിക്കൂറില്‍ നടന്നതെന്നാണ് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നത്. അഷിക്കൂല്‍ ഇസ്ലാമിനെ കൊലനടത്തി മൃതദേഹം കഷ്ണങ്ങളാക്കിയതിനു ശേഷം പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെ ബാത്ത്റൂമിരിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടതത്തിനു ശേഷം അവിടെ കോണ്‍ക്രീറ്റു ചെയ്യുകയായിരുന്നു.
ഇതിനു ശേഷം ഒട്ടോറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുകയും കെട്ടിടം ഏതാണ്ട് പൂര്‍ത്തിയാവുകയും ചെയ്തു. അതു കൊണ്ടു തന്നെ തങ്ങള്‍ ഒരിക്കലും പിടിയിലാകില്ലെന്ന വിശ്വാസമായിരുന്നു പ്രതികള്‍ക്ക്. കൊല്ലപ്പെട്ട അഷിക്കൂലിന്റെ സഹോദരന് ഇയാളെ കാണ്മാനില്ലെന്നു ഇരിക്കൂര്‍ പൊലിസില്‍ പരാതി നല്‍കിയതിനു ശേഷമാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. എന്നാല്‍ അന്നും കൊലപാതകത്തിന്റെ സാധ്യത പൊലിസിനുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണം പുരോഗമിച്ചപ്പോള്‍ അന്വേഷണം കൊലപാതകത്തിലേക്ക് വഴി തുറക്കുകയായിരുന്നു.