ഇരിക്കൂറില്‍ മലയോര ടൂറിസം സര്‍ക്യൂട്ട് അന്തിമ ഘട്ടത്തില്‍, വിനോദ സഞ്ചാര മേഖലയില്‍ കുതിപ്പേകും
ഇരിക്കൂര്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി.
പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യവികസനം ഉറപ്പുവരുത്താന്‍ കര്‍മപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എ.യുടെയും അസി. കളക്ടറുടെയും നേതൃത്വത്തില്‍ ഉന്നതതലസംഘം വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പാലക്കയം തട്ടില്‍ അവലോകനയോഗം ചേരുകയും ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ 4,124 ഏക്കറില്‍ പരന്നുകിടക്കുന്ന പൈതല്‍മലയും 3,500-ലധികം അടി ഉയരത്തില്‍ എട്ടേക്കറില്‍ പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഇവിടെ വനംവകുപ്പുമായി ചേര്‍ന്നാണ് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നത്.
പാലക്കയംതട്ടില്‍ 3.5 കോടി രൂപയുടെയും പൈതല്‍മല, കാപ്പിമല മേഖലയില്‍ ഒരുകോടി രൂപയുടെയും മാസ്റ്റര്‍പ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനംവകുപ്പും തയ്യാറാക്കിവരുന്നതെന്ന് സജീവ് ജോസഫ് എംഎല്‍എ. അറിയിച്ചു. ഇതിനുപുറമെ എം.പി. ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രധാന സൗകര്യങ്ങളൊരുക്കുന്നുണ്ട്.
പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.കാഞ്ഞിരക്കൊല്ലിയിലും പൈതല്‍മലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.പൈതല്‍മലയിലെ റിസോര്‍ട്ടുള്‍പ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി. സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള നടപടികളുമായിട്ടുണ്ട്.
മലപ്പട്ടത്തെ മലബാര്‍ റിവര്‍ക്രൂസ് പദ്ധതി പൂര്‍ത്തിയായാല്‍ ബോട്ടുകളിലെത്തുന്നവര്‍ക്കും മലയോരകാഴ്ചകള്‍ ആസ്വദിക്കാനാകും. മലയോരമേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവില്‍നിന്ന് തുടങ്ങുന്ന ബോട്ടുയാത്ര മുനമ്പ് കടവില്‍ അവസാനിക്കുന്ന രീതിയിലാണ് റിവര്‍ക്രൂസ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകള്‍ ആസ്വദിച്ച് വൈകീട്ട് ബോട്ടില്‍ത്തന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്പേരി ലൂര്‍ദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാര്‍ പള്ളി, കുന്നത്തൂര്‍പാടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തീര്‍ഥാടന ടൂറിസം സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ഈ വേനല്‍ക്കാല സീസണില്‍ തന്നെ മലയോര ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം. ആഭ്യന്തര വിനോദ സഞ്ചാരികളെ മാത്രമല്ല വിദേശ വിനോദ സഞ്ചാരികളെയും പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നുണ്ട്.












Click it and Unblock the Notifications