ഇരിട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാകുന്നു
ഇരിട്ടി : ഇരിട്ടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിക്ക് പരിഹാരമാകുന്നു. ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് - പയഞ്ചേരി റോഡ് യാഥാർഥ്യമാക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചു.ഇരിട്ടി ബസ് സ്റ്റാന്റിൽ നിന്നും ബ്ലോക്ക് ഓഫീസിന്റെ പിൻവശം വഴി ഇരിട്ടി - പേരാവൂർ റോഡിൽ എത്തുന്ന രീതിയിലായിരിക്കും ബൈപ്പാസ്. റോഡിനായി കണ്ടെത്തേണ്ട സ്ഥലത്തിന്റെ കിടപ്പും മറ്റും താലൂക്ക് സർവേയറുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അളന്നു പരിശോധിച്ചു .

ഇപ്പോൾ തന്നെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് മീറ്ററോളം വീതിയുള്ള മൺ റോഡ് ഇവിടെയുണ്ട് . പഴശ്ശി പദ്ധതിയുടെ സ്ഥലത്ത് നിർമ്മിച്ചതെന്ന് കരുതിയിരുന്ന റോഡ് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ഇതിനു ശേഷം വരുന്ന ഏതാനും ചില വ്യക്തികളുടെ സ്ഥലം റോഡിനായി വിട്ടുനൽകാമെന്നും ഉടമകൾ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ബസ് സ്റ്റാന്റിൽ നിന്നും നേരിട്ട് ഈ റോഡിലേക്കെത്താൻ ചെറിയ കോൺക്രീറ്റ് പാലം പോലുള്ള സംവിധാനം വേണ്ടിവരും. ഈ സ്ഥലം പഴശ്ശി പദ്ധതിയുടെ വെള്ളം കയറിക്കിടക്കുന്ന പ്രദേശവുമാണ്. പാലമാകുമ്പോൾ മറ്റു തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടുന്നത്.
ബൈപ്പാസ് റോഡ് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത പറഞ്ഞു. ഇത് നാട്ടുകാരുടെ കുറെ വർഷത്തെ ആഗ്രഹമാണെന്നും അവരും ഇതോടൊപ്പം നല്ലപോലെ സഹകരിക്കുന്നുണ്ടെന്നും ശ്രീലത പറഞ്ഞു. ചെയർ പേഴ്‌സനെ കൂടാതെ നഗരസഭാ ഉപാദ്ധ്യക്ഷൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ എ.കെ. രവീന്ദ്രൻ, വി.പി. അബ്ദുൾ റഷീദ് , താലൂക്ക് സർവേയർ രവീന്ദ്രൻ കണോത്ത് എന്നിവരും സ്ഥലം അളന്ന് പരിശോധനയിൽ പങ്കെടുത്തു. ബൈപ്പാസ് റോഡ് യാഥാർത്ഥ്യമായാൽ കണ്ണുർ ജില്ലയിലെ മലയോര വാണിജ്യകേന്ദ്രമായ ഇരിട്ടി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നഗരസഭാധികൃതർ.












Click it and Unblock the Notifications