ഇരിട്ടി പുതിയ പാലം ജനുവരിയിൽ പൂർത്തീകരിക്കും
ഇരിട്ടി: കേരള- കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇരിട്ടി പാലം നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇരിട്ടി പുതിയ പാലത്തിന്റെ മൂന്നാമത്തെ സ്പാനിന്റെ വാര്‍പ്പ് പൂര്‍ത്തിയായതോടെയാണ് അനുബന്ധ ജോലികള്‍ ദ്രുതഗതിയിലായത്. പാലത്തിന്റെ മുകളിലെ കൈവരികളുടെ പണി ഏതാണ്ട് പൂര്‍ത്തിയായി. ഇരു ഭാഗത്തു നിന്നും പാലത്തിലേക്ക് കടക്കുന്ന റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.
പായം ഭാഗത്ത് ട്രാഫിക് സര്‍ക്കിള്‍ പണിയുന്നതിന്റെ പ്രവര്‍ത്തിയും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ജനുവരി പകുതിയോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. തലശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. രണ്ട് റീച്ചുകളായി നിര്‍മ്മിക്കുന്ന റോഡിന്റെ രണ്ടാമത്തെ റീച്ചില്‍പെട്ട കളറോഡ് മുതല്‍ കൂട്ടുപുഴ വളവുപാറ വരെയുള്ള പാതയിലാണ് ഇരിട്ടിപാലം വരുന്നത്.

ഇതില്‍ കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള റോഡിന്റെ പ്രവര്‍ത്തി പൂര്‍ണ്ണമായിക്കഴിഞ്ഞു. എന്നാല്‍ ഇതില്‍പ്പെടുന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവര്‍ത്തി മൂന്നുവര്‍ഷമായി തടസ്സപ്പെട്ടു കിടക്കുകയാണ്. കര്‍ണ്ണാടക വനംവകുപ്പിന്റെ തടസ്സവാദമാണ് ഈ പാലം പണി തടസ്സപ്പെടാന്‍ ഇടയാക്കിയത്. കഴിഞ്ഞ മെയ് 30ന് മുന്‍പ് തീരേണ്ട ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം നീണ്ടുപോവുകയായിരുന്നു. പാലത്തിന്റെ ഉപരിതല വാര്‍പ്പും അനുബന്ധ പ്രവര്‍ത്തികളുമെല്ലാം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തിയായ പായം ഭാഗത്തെ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നത്. പുതിയ പാലം വരുന്നതോടെ പഴയ സര്‍ക്കിള്‍ വിപുലീകരിച്ചില്ലെങ്കില്‍ ഗതാഗതക്കുരുക്കും അപകട സാധ്യതയും ഉണ്ടാകാന്‍ ഇടയുണ്ടെന്ന കെഎസ്ടിപി വിദഗ്ധ സംഘത്തിന്റെ അനുമാനത്തെ തുടര്‍ന്നാണ് ട്രാഫിക് സര്‍ക്കിള്‍ പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി കൂടുതല്‍ സ്ഥലം വേണ്ടി വരുമെന്ന കണ്ടെത്തലിലെ തുടര്‍ന്ന് പാലത്തോട് ചേര്‍ന്ന നാലു സ്വകാര്യ വ്യക്തികളില്‍ നിന്നുമായി 1.32 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു. 100 മീറ്ററിലധികം ഉയരം വരുന്ന ചെങ്കുത്തായ കുന്നിടിച്ച് തട്ടുകളാക്കി തിരിച്ചാണ് പാതയും ട്രാഫിക് സര്‍ക്കിളും നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കഴിഞ്ഞദിവസം ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് വന്‍ ഗതാഗത തടസ്സമാണ് ഇപ്പോള്‍ പാലത്തിലേക്ക് പ്രവേശിക്കുന്ന മൂന്ന് റോഡുകളിലും അനുഭവപ്പെടുന്നത്. 10 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാകുമെന്നും ജനുവരി പകുതിയോടെ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
മൂന്ന് പ്രളയങ്ങൾ നേരിട്ട സാഹചര്യവും ഇരിട്ടി പുതിയ പാല നിർമ്മാണത്തെ പുറകോട്ടടിപ്പിച്ച ഘടകങ്ങളാണ് ഒന്നാം പ്രളയവും രണ്ടാം പ്രളയവും കനത്ത നാശനഷ്ടമാണ് വരുത്തിവെച്ചത്. പാലത്തിൻ്റെ നിർമാണത്തിനായി ഇറക്കിയ സാധന സാമഗ്രികളും മറ്റും ഒലിച്ചുപോയിരുന്നു. ഇതു കാരണം നിർമാണ പ്രവൃത്തികളും സ്തംഭിച്ചു. മൂന്നാം പ്രളയം ഗുരുതരമായി ബാധിക്കില്ലെങ്കിലും നാട്ടിലാകെ പടർന്നു പിടിച്ച കൊവിഡ് നിർമാണ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചു.
കരാർ കമ്പിനി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും കൊവിഡ് മാനദണ്ഡങ്ങൾ കാരണം വൻകിട നിർമാണങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഇരിട്ടിപ്പാലം നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. ദേശീയ തലത്തിൽ കൊ വിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപാണ് വീണ്ടും നിർമ്മാണ പ്രവൃത്തി തുടങ്ങിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം വരുന്നതിന് മുൻപു തന്നെ ഇരിട്ടി പുതിയ പാലം നിർമ്മണം പൂർത്തീകരിക്കാനാണ് സർക്കാർ നിർദ്ദേശം അതുകൊണ്ടുതന്നെ ജനുവരിയിൽ പാലം കമ്മിഷൻ ചെയ്തു ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിൻ്റെ ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്.












Click it and Unblock the Notifications