സിഎഎ അനുകൂല പോരാട്ടം ദേശീയ ഉപാധ്യക്ഷ പദവിയിലേക്കുയർത്തി:അബ്ദുള്ളക്കുട്ടിയുടെ അടുത്ത ലക്ഷ്യം ലോക്സഭയോ
കണ്ണൂർ: അബ്ദുള്ളക്കുട്ടിക്ക് തുണയായത് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പുപോര്. പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ഗ്രൂപ്പുകളിയും കേരളത്തിലെ പാർട്ടിയുടെ മുരടിപ്പും സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിനെയോ തല മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെയോ പരിഗണിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദേശീയ കണക്കുകൂട്ടൽ മറ്റൊന്നായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനക്കയറ്റം പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കളെ പാടെ നിരാശരാക്കിയിട്ടുണ്ട്. പാർട്ടിയിലും ഭരണത്തിലും സ്ഥാനമാനങ്ങൾ കിട്ടാത്ത ഈ നേതാക്കൾ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. വരും നാളുകളിൽ കേരളത്തിലെ ബി.ജെ.പിയിൽ ഇതു പൊട്ടിത്തെറിക്ക് ഇടയാക്കുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന.
ഇതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രതിപക്ഷ പാർട്ടികളും മുസ്ലിം മതസംഘടനകളും തെരുവിൽ പ്രതിഷേധ സമരം നടത്തിയപ്പോൾ നിയമത്തിന് അനുകൂലമായി അബ്ദുള്ളക്കുട്ടി കേരളത്തിലും ഗൾഫിലും നടത്തിയ വീറുറ്റ പ്രചരണമാണ് അദ്ദേഹത്തെ ദേശീയ നേതൃത്വത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായി മാറ്റിയത്. അബ്ദുള്ളക്കുട്ടിക്ക് തുണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പരിഗണനയാണെന്നാണ് സൂചന. ദില്ലി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന അബ്ദുള്ളക്കുട്ടിക്ക് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഏതെങ്കിലുമൊന്ന് ലഭിക്കാനും ഇതോടെ സാധ്യതയേറിയിട്ടുണ്ട്.

മുക്താർ അബ്ബാസ് നഖ്വിക്കു ശേഷം ബി.ജെ.പി ദേശീയ നേതൃത്വം പരിഗണിക്കുന്ന മുസ്ലിം സമുദായത്തിലെ രണ്ടാമനായാണ് അബ്ദുള്ളക്കുട്ടി മാറിയത്. പൗരത്വ ഭേദഗതി നിയമ വിവാദങ്ങൾ കത്തിനിൽക്കവെ കേരളത്തിലും ഗൾഫിലും മുസ്ലിം സമുദായത്തിലെ ആശങ്കകൾ മാറ്റാൻ അബ്ദുള്ളക്കുട്ടി നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന് ദേശീയ തലത്തിൽ ശ്രദ്ധ നേടികൊടുത്തത്. ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളക്കുട്ടി നിയമിതനായ വാർത്ത മാധ്യമങ്ങളിലൂടെ അറിയുമ്പോൾ അദ്ദേഹം ബിജെപി ജില്ലാ ആസ്ഥാനമായ കണ്ണൂർ മാരാർജി ഭവനിൽ പാർട്ടി യോഗത്തിലായിരുന്നു.
വിവരമറിഞ്ഞതോടെ യോഗത്തിൽ ആഹ്ളാദം അലയടിച്ചുയർന്നു. മധുരം പങ്കുവച്ച് നേതാക്കൾ ആഘോഷത്തിൽ പങ്കുചേർന്നു. ബിജെപി സംസ്ഥാന നേതാവായ കെ.രഞ്ചിത്ത് അബ്ദുള്ളക്കുട്ടിക്ക് മധുരം നൽകി. കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയുടെ വളർച്ച ശരവേഗത്തിലായിരുന്നു. ബിജെപിയിൽ മെംബർഷിപ്പ് ലഭിച്ചശേഷം രണ്ടു മാസം തികയും മുമ്പേ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. പി.എസ്. ശ്രീധരൻപിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് അബ്ദുള്ളക്കുട്ടിയെ വൈസ് പ്രസിഡന്റാക്കിയത്.
പിന്നീട് കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി വന്നപ്പോഴും അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകരുടെ പോലും കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അഖിലേന്ത്യാ ഉപാധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്. ഇനി പ്രവർത്തനമേഖല ദില്ലി കേന്ദ്രീകരിച്ചായിരിക്കും. മുസ്ലിം സമുദായക്കാരനാണെന്ന പരിഗണനയും രണ്ടുതവണ കണ്ണൂരിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനപാരമ്പര്യവും അബ്ദുള്ളക്കുട്ടിക്ക് തുണയായി. ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാനുള്ള കഴിവും പരിഗണിച്ചു.
സിപിഎം സ്ഥാനാർഥിയായി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് 1999-ലും 2004-ലും മത്സരിച്ചു ജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി അഭിഭാഷകനും മികച്ച പ്രസംഗകനുമാണ്. സിപിഎമ്മിന്റെ ലോക്സഭാംഗമായിരിക്കെ പാർട്ടിയുടെ മത വിശ്വാസത്തിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്തതിൻ്റെ പേരിൽ 2009-ൽ സിപിഎമ്മിൽനിന്നു പുറത്താക്കുകയായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. കെ. സുധാകരന്റെ സന്തതസഹചാരിയായതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിക്ക് നിയമസഭയിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചത്. ഇതു കോൺഗ്രസിൽ വലിയ കലഹങ്ങൾക്ക് വഴിവച്ചിരുന്നു.
പിന്നീട് കാര്യമായ പരിഗണന പാർട്ടിയിൽ ലഭിക്കാതെവന്നപ്പോൾ നേതൃത്വവുമായി അകലുകയായിരുന്നു. കോൺഗ്രസിലേക്ക് കൈപിടിച്ചുയർത്തിയ കെ.സുധാകരനുമായി രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തതോടെ പാർട്ടിയിൽ കാര്യമായ സ്വാധീനമില്ലാതായി. ഇതിനിടയിൽ കോൺഗ്രസിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നിരന്തരം പ്രസ്താവനകൾ ഇറക്കിയതോടെ കോൺഗ്രസിലും അനഭിമതനായി. കോൺഗ്രസ് നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെത്തി നേരിട്ടു കണ്ട് മനസ് തുറന്നു.
പാർട്ടിയിൽ ചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടിതന്നെ വ്യക്തമാക്കുകയും ചെയ്തു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജെപിയിൽ ചേരുന്നത്.കോൺഗ്രസ് വിട്ടതിനു ശേഷം ഉപജീവനാർത്ഥം ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചതായിരുന്നു അബ്ദുള്ളക്കുട്ടി എന്നാൽ മോദിയെ പുകഴ്ത്തിയതിൻ്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്തായ ന്യൂനപക്ഷക്കാരനായ നേതാവിനെ പാർട്ടിയിലേക്കു കൊണ്ടുവരാനുള്ള കരുക്കളാണ് ബിജെപി നേതൃത്വം നീക്കിയത്.
കേരളത്തിൽ ഇതിനു മുൻപ് ഒരാജഗോപാൽ മാത്രമേ ദേശീയ ഉപാധ്യക്ഷരിലൊരാളായി പ്രവർത്തിച്ചിട്ടുള്ളു. ബിജെപി ഭരിക്കുന്ന കർണാടക സംസ്ഥാനത്തിൻ്റെ പാർട്ടി ചുമതല അബ്ദുള്ളക്കുട്ടിക്ക് നൽകിയേക്കും ദില്ലിയിൽ സ്ഥിരമായി താമസിച്ചു പ്രവർത്തിക്കുന്നതിന് രാജ്യസഭാ അംഗത്വം നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമായേക്കും. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിലെ ബിജെപിയിൽ അഭിപ്രായ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് യാതൊരു സൂചനയും നൽകാതെ കേന്ദ്ര നേതൃത്വമാണ് ഈ വിഷയത്തിൽ ചരട് വലിച്ചത്. പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ ' ശോഭാ സുരേന്ദ്രൻ എം ടി രമേശ് തുടങ്ങി ബിജെപിയുടെ രൂപീകരണ വേളയിൽ പാർട്ടി യിൽ വലിയൊരു വിഭാഗം നേതാക്കളെ തഴഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയുമൊക്കെ പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിച്ചത്.












Click it and Unblock the Notifications