ബിഷപ്പ് മാര്‍ജോഫ് പാംപ്‌ളാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപണം

കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വിവാദ പ്രസ്താവന നടത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥപ്രകാരമെന്ന ആരോപണവുമായി സി.പി. എം അനുകൂലികള്‍ .സോഷ്യല്‍മീഡിയയിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവിട്ടത്.ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ആലക്കോട് കര്‍ഷക സമരത്തിനിടെ അനുകൂല പ്രസ്താവനനടത്തിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഇടതു അനുകൂലികള്‍ ഉന്നയിക്കുന്നത്. .
ബിജെപി ജില്ല പ്രസിഡന്റ് എന്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെയാണ് ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയെ കണ്ടത്. ഇതിനു ശേഷം ശനിയാഴ്ചയാണ് റബ്ബര്‍ വില കൂട്ടിയാല്‍ ബി ജെ പിയെ സഹായിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് ആലക്കോട് പ്രസംഗിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളടക്കം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടാണ് സി.പി. എം പ്രവര്‍ത്തകര്‍ സൈബര്‍ ഇടങ്ങളില്‍ ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.
വിവാദ പ്രസ്താവനയ്ക്ക് ശേഷം വിശദീകരണവുമായി മാധ്യമങ്ങളെ കണ്ടപ്പോഴും ബി ജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നോവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് കൃത്യമായി മറുപടി നല്‍കില്ല. ബിഷപ്പ് ഹൗസിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും ആര്‍ക്കും എപ്പോഴും വന്ന് കാണാമെന്നായിരുന്നു മറുപടി.
ബിജെപിയെ സഹായിക്കാമെന്നല്ല കര്‍ഷകരെ സഹായിക്കുന്ന പാര്‍ട്ടിയെ തിരിച്ചും സഹായിക്കുമെന്നാണ് താന്‍പറഞ്ഞതെന്ന് ബിഷപ്പ് വിശദീകരിച്ചു. എന്നാല്‍ ബിജെപി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും അയിത്തം കല്‍പ്പിക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ച്ച് ബിഷപ്പോ, ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിക്കുന്ന വിരലിലെണ്ണാവുന്ന ചില സംഘികളോടെല്ല രാജ്യം ഭരിക്കുന്നവരോടാണ് കര്‍ഷകര്‍ക്കായി ചര്‍ച്ച നടത്തേണ്ടതെന്നും ബിഷപ്പ് നേരത്തെ പ്രതികരിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസംഗത്തിനെതിരെ സി.പി. എം പ്രതിഷേധം ശക്തമാക്കുമ്പോഴും മൗനംപാലിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.












Click it and Unblock the Notifications