നാട്ടിലേക്ക് മടങ്ങവെ കാണാതായ സൈനികന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
ശ്രീകണ്ഠപുരം: അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനില്‍ നിന്ന് കാണാതാവുകയും അന്വേഷണങ്ങള്‍ക്കു ശേഷം മൃതദേഹം കണ്ടെത്തുകയും ചെയ്ത യുവ സൈനികന്റെ ഭൗതികശരീരം ചൊവ്വാഴ്ച്ച ഉച്ചയോടെ നാട്ടിലെത്തും. ഹരിയാനയിലെ ഹിസാറിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന കാഞ്ഞിലേരി ബാലങ്കരിയിലെ എം.വി പ്രജിത്തിനെയാണ് കഴിഞ്ഞദിവസം ഗുജറാത്തിലെ വഡോധര ഹെസൈന്‍ റോഡിലെ റെയില്‍ പാളത്തില്‍ മരിച്ചതായി കണ്ടേത്തിയത്.
കഴിഞ്ഞ 19ന് നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്‌സ്പ്രസില്‍ നാട്ടിലേക്ക് തിരിച്ച പ്രജിത്തിനെ യാത്രാമധ്യേ കാണാതാവുകയായിരുന്നു. സീറ്റ് ഒഴിഞ്ഞുകിടന്നത് മനസിലാക്കിയ ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലിസ് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് കാണാതായത് പ്രജിത്താണെന്ന് തിരിച്ചറിഞ്ഞത്. നവമാധ്യമങ്ങളില്‍ കൂടി വിവരമറിഞ്ഞ ഗുജറാത്തിലെ മലയാളി സംഘടനകളും പൊലിസും നടത്തിയ അന്വേഷണത്തിലാണ് റെയില്‍പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ദാഹോദ് ഗവ. ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ നാട്ടുകാര്‍ അവിടെയെത്തിയിരുന്നു. ഇന്ന് നാട്ടിലെത്തിക്കുന്ന ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് സംസ്‌കരിക്കും. പരേതനായ മാവില വീട്ടില്‍ പുരുഷോത്തമന്റെയും രാധാമണിയുടെയും മകനാണ്. സഹോദരന്‍: ശ്രീജിത്.












Click it and Unblock the Notifications