കോടിയേരി പറഞ്ഞത് വെറുതയല്ല, പിഴുതെറിഞ്ഞാലും ഇഷ്ടം പോലെ കല്ല് ഇവിടെയുണ്ട്
കണ്ണൂര്‍: കെ റെയില്‍ സര്‍വേ കല്ലിടലും കല്ല് പിഴുതെറിയലുമാണ് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി നടന്ന് കൊണ്ടിരിക്കുന്നത്. സര്‍വേ നടത്താന്‍ കല്ലിടണോ എന്ന തര്‍ക്കങ്ങളൊക്കെ സജീവമായിട്ടുണ്ട്. എന്നാല്‍ എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും സര്‍വേ കല്ല് ഇളക്കി മാറ്റിയാലും പകരം വെക്കാനുള്ള കല്ല് കണ്ണൂരിലുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍വേക്ക് വേണ്ടിയാണ് ഇവിടെ സര്‍വേ കുറ്റികള്‍ തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ ആവശ്യമെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്കും സര്‍വേ കല്ലുകള്‍ കൊണ്ടു പോകാം. നിലവില്‍ 5000 കുറ്റികള്‍ കണ്ണൂരില്‍ സ്റ്റോക്കുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ സിമന്റ് ഉല്‍പന്ന സ്ഥാപനത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് വേണ്ട കെ റെയില്‍ അതിരടയാള കല്ലുകള്‍ നിര്‍മിക്കുന്നത്. ആവശ്യത്തിനനുസരിച്ച് എത്ര വേണമെങ്കിലും ഇനിയും തയാറാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

2019 ലാണ് കണ്ണൂര്‍ ജില്ലയിലെ ജലപാത, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ സില്‍വര്‍ ലൈന്‍ സര്‍വേകള്‍ക്ക് വേണ്ടിയുള്ള കുറ്റി നിര്‍മിക്കാന്‍ ഈ സ്ഥാപനത്തിന് ഉപ കരാര്‍ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇത് അനുസരിച്ച് 6000 കുറ്റികള്‍ നിര്‍മിച്ചു. 1000 കുറ്റികള്‍ മാഹി - വളപട്ടണം ജലപാത സര്‍വേയ്ക്കും സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കുമായി കൊണ്ടുപോയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കുള്ള കുറ്റികള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എടുക്കും എന്നായിരുന്നു പറഞ്ഞത്.
എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റികള്‍ എടുക്കാന്‍ അധികൃതര്‍ എത്താത്ത സാഹചര്യം ഉണ്ടായപ്പോള്‍ സ്ഥാപനം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സര്‍വേ നടത്തുന്നതിന് കോടതിയുടെ സ്റ്റേ ഉണ്ടെന്നും അതു നീങ്ങിയാല്‍ കുറ്റികള്‍ എടുക്കാമെന്നുമായിരുന്നു അന്ന് മറുപടി ലഭിച്ചത്. നേരത്തെ തന്നെ ഓര്‍ഡര്‍ പ്രകാരം തയാറാക്കിയ കുറ്റികള്‍ സര്‍ക്കാര്‍ എടുക്കാതിരിക്കുന്ന പക്ഷം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാവുക എന്നാണ് കമ്പനി ഉടമ പറയുന്നത്.
തിരുവനന്തപുരത്ത് നിന്ന് കെ റെയില്‍ എന്‍ജിനീയര്‍മാര്‍ ഈ കമ്പനിയില്‍ നേരിട്ടെത്തിയാണ് കുറ്റിയുടെ ഘടന തയാറാക്കിയത്. നിര്‍മാണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ നല്‍കി. നിരവധി തൊഴിലാളികള്‍ രാത്രിയും പകലും ജോലി ചെയ്താണ് കുറ്റികള്‍ നിര്‍മിച്ചത്. സ്റ്റോക്കുള്ള പകുതിയോളം കുറ്റികള്‍ക്ക് മഞ്ഞ ചായം പൂശിയിരിക്കുകയാണ്. ഒരു കുറ്റിയുടെ നിര്‍മാണത്തിന് 500 രൂപയില്‍ അധികം ചെലവ് വരും. ഇത് പ്രസ്തുത സ്ഥലങ്ങളില്‍ സ്ഥാപിക്കുമ്പോഴേക്കും 1000 രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.












Click it and Unblock the Notifications