മാടായിപ്പാറയിൽ സിൽവർ ലൈൻ സർവ്വേ കുറ്റിപിഴുതു മാറ്റിയ നിലയിൽ
പഴയങ്ങാടി: സിൽവർ ലൈൻ കടന്നു പോകുന്ന മാടായിപ്പാറയിൽ കെ.റെയിലിനായി സ്ഥാപിച്ച കുറ്റിപിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് മാടായിപ്പാറയിലെ പാറക്കുളത്തിനടുത്ത് സ്ഥാപിച്ച കെ.റെയിൽ സർവ്വേ കുറ്റിപിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ കെ.റെയിൽ പദ്ധതിക്കായി മാടായി പാറയിലെ ജൈവവൈവിധ്യങ്ങൾ നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മാടായിപ്പാറയിൽ പ്രതിഷേധ സംഗമം നടന്നിരുന്നു.എന്നാൽ സംഭവത്തിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ് ഇതുവരെ ഏറ്റെടുത്തിട്ടില്ല. കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുൻപോട്ടു നീങ്ങുന്നത്.സംസ്ഥാനത്ത് അശാസ്ത്രീയവും പരിസ്ഥിതിക പ്രത്യാഘാതങ്ങളുമുള്ള കെ.റെയിൽ - സിൽവർ ലൈൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

തുടക്കം മുതൽ ഒടുക്കം വരെ സ്ഥാപിച്ച സർവേ കുറ്റികൾ പിഴുതെറിയുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് മുന്നറിയിപ്പു നൽകിയിരുന്നു. സിൽവർ ലൈൻ പദ്ധതിയുമായി മുൻപോട്ടു പോയാൽ സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടാകുമെന്നും ഇതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു പദ്ധതി നടപ്പിലാക്കിയാൽ ലഭിക്കുന്ന അഞ്ചു ശതമാനം കമ്മിഷനിലാണ് സർക്കാരിൻ്റെ കണ്ണെന്നും സുധാകരൻ ആരോപിച്ചു.കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന സർവ്വേ നടത്താനായി കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ ഏജൻസിയുടെ പ്രതിനിധികൾ കണ്ണുരിലെത്തിയത്.മാടായിപ്പാറയിലെ കുറ്റി പിഴുത സംഭവത്തിൽ പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കെ. റെയിൽ അധികൃതരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.












Click it and Unblock the Notifications