പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഎം പങ്ക് വ്യക്തമെന്ന് കെ സുധാകരൻ എംപി
കണ്ണൂർ : പാനൂർ മുളിയാത്തോട് ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ വീട് സി.പി.എം. നേതാക്കൾ സന്ദർശിച്ചതിലൂടെ ബോംബ് നിർമാണത്തിൽ സിപിഎമ്മിന്റെ പങ്ക് കൃത്യമായി വ്യക്തമായെന്ന് കെ.സുധാകരൻ. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്‌ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയില്‍ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും നിലപാട്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രതികള്‍ക്കെല്ലാം നിയമസഹായം ഉൾപ്പെടെ എല്ലാവിധ സംരക്ഷണവും ഒരുക്കി നൽകിയവരാണ് സിപിഎമ്മുകാർ. സിപിഎം സംസ്ഥാന നേതൃത്വം ഇതിനെ തള്ളി പറയുന്നുണ്ടെങ്കിലും ഒട്ടും വൈകാതെ പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിക്ക് വേണ്ടിയുള്ള കുടുംബ പാക്കേജ് സിപിഎം പ്രഖ്യാപിക്കുമെന്ന് സുധാകരൻ പരിഹസിച്ചു.

പരാജയഭീതിയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകുന്നില്ല. അതിന് തെളിവാണ് കഴിഞ്ഞദിവസം നടന്ന സ്‌ഫോടനം. സിപിഎമ്മിൽ നിന്ന് വ്യാപകമായി പ്രവർത്തകർ കോൺഗ്രസിലേക്ക് ചേക്കേറുന്നതും ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഭീകര സംഘടനകളെ പോലെ ബോംബ് നിർമ്മാണം കുടിൽ വ്യവസായം പോലെ കൊണ്ട് നടക്കുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും സുധാകരൻ പറഞ്ഞു.
ശനിയാഴ്ച്ച വൈകുന്നേരം ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിൻ്റെ വീട്ടിലെത്തി സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, ലോക്കൽ കമ്മിറ്റി അംഗം എ.അശോകനുമാണ് മരിച്ച ഷെറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്ഫോടനത്തിൽ മരിച്ചയാളെയും പരുക്കേറ്റവരെയും തള്ളി പറഞ്ഞിരുന്നു.












Click it and Unblock the Notifications