കോണ്‍ഗ്രസുകാരുടെ കഴുത്തറക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹം ഗാന്ധി പ്രതിമയുടെ കഴുത്തറത്ത് തീര്‍ത്തു: സുധാകരന്‍
കണ്ണൂര്‍: പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്ത കോണ്‍ഗ്രസ് ഓഫിസും തലയറുത്ത ഗാന്ധി പ്രതിമയും രാമന്തളിയിലെ പാര്‍ട്ടി ഓഫിസുകളും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സന്ദര്‍ശിച്ചു. പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പില്‍ ആരോപണവിധേയനായ ടി.ഐ മധൂസൂദനനെ എം.എല്‍.എ സ്ഥാനത്തു നിന്നും നീക്കണമെന്ന് സുധാകരന്‍ പറഞ്ഞു. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്.
ഇക്കാര്യത്തില്‍ എം. എല്‍. എയ്ക്ക് ജാഗ്രതകുറവുണ്ടായെന്ന് സി.പി.എം പറഞ്ഞാല്‍ കട്ടുവെന്നാണ് അര്‍ത്ഥമെന്നും സുധാകരന്‍ വ്യക്തമാക്കി. അഴിമതി പുറത്ത് കൊണ്ടുവന്ന സി.പി.എം ഏരിയാ സെക്രട്ടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നത് ഗൗരവകരമായ വിഷയമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഫണ്ട് വിവാദത്തില്‍ സി.പി.എം മാത്രം അന്വേഷിച്ചാല്‍ പോര. ഇക്കാര്യത്തില്‍ നിയമപരമായ സാധ്യത കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും മുഖ്യമന്ത്രി ഇറങ്ങിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മന്ത്രി ആ സമയം അവിടെയുണ്ടായിരുന്നില്ലെന്ന് ഇ.പി ജയരാജനും പിന്നീട് പാര്‍ട്ടി സെക്രട്ടറി കോടിയേരിയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് അവരത് മാറ്റിപറഞ്ഞു. സംഭവത്തില്‍ യാതൊരു ഗൂഡാലോചനയും നടന്നിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും സുധാകരന്‍ പറഞ്ഞു.
അടുത്ത കാലത്തൊന്നും കാണാത്ത അക്രമ പരമ്പരയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പയ്യന്നൂരും പരിസരങ്ങളിലും സി.പി.എം നടത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നേരിടേണ്ടി വന്നില്ലാത്ത അക്രമമാണ് പയ്യന്നൂരിലും തൊട്ടടുത്ത പഞ്ചായത്തായ രാമന്തളിയിലും കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. സി.പി.എം എത്ര ഓഫിസുകള്‍ തകര്‍ത്താലും ഞങ്ങള്‍ ദിവസങ്ങള്‍ കൊണ്ട് അതു പുന:സ്ഥാപിക്കും. അപലപിച്ചതു കൊണ്ടു കാര്യമില്ല.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍
തിരിച്ചടി കൊണ്ടെ സി.പി.എം പഠിക്കൂ. എന്നാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഴുത്തറക്കാനുള്ള സി.പി.എമ്മിന്റെ ആഗ്രഹം ഗാന്ധി പ്രതിമയുടെ കഴുത്തറത്ത് തീര്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ ഭയക്കുന്നതിനാലാണ് സി.പി.എം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമേകുന്ന ഗാന്ധിജിയുടെയും നെഹ്രുവിന്റെയുമൊക്കെയുള്ള നേതാക്കളുടെ പ്രതിമകളുടെ തലവെട്ടിക്കളയുകയാണ് സി.പി.എം.
ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നശിപ്പിക്കാനാവില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഒബ്‌സര്‍വര്‍ കേസില്‍ രാഹുല്‍ഗാന്ധിയെ രണ്ട് ദിവസംചോദ്യംചെയ്തിട്ടും യാതൊരു തെളിവും എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടില്ല. പൊതുമുതല്‍ കട്ടുതിന്നേണ്ട ഗതികേടൊന്നും നെഹ്രു കുടുംബത്തിന് വന്നിട്ടില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപയുടെ ആനന്ദഭവന്‍ പോലുള്ള സ്വത്തുക്കള്‍ രാജ്യത്തിനും പാര്‍ട്ടിക്കും സമര്‍പ്പിച്ചവരാണ് ആ കുടുംബം.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണ്. ലാവ്‌ലിന്‍ കേസിലടക്കം ഇവര്‍ തമ്മില്‍ ധാരണയാണെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തിലെ എല്ലാ പ്രധാന കരാറും ഊരാളുങ്കലിന് കിട്ടുന്നത് അതിലെ കമ്മിഷന്‍ പാര്‍ട്ടിക്ക് പോകുന്നതിനാലാണെന്നും സുധാകരന്‍ ആരോപിച്ചു. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി. എഫ് ചെയര്‍മാന്‍ പി.ടി മാത്യു, സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ സുധാകരന്റെ കൂടെയുണ്ടായിരുന്നു.












Click it and Unblock the Notifications