കല്യാശ്ശേരി ഔഷധഗ്രാമം പദ്ധതി: കുറുന്തോട്ടി ഔഷധക്കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് എരിപുരം തടത്ത് മുന്‍ എംഎല്‍ എംവി ജയരാജന്‍ നിര്‍വഹിച്ചു. എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തില്‍ പത്ത് ഏക്കറിലും ഏഴോം, കണ്ണപുരം പഞ്ചായത്തുകളില്‍ 7.5 ഏക്കറിലുമായി ആകെ 25 ഏക്കറിലാണ് കുറുന്തോട്ടി കൃഷി ചെയ്ത്.
കൃഷി വകുപ്പ്, ഔഷധി, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 16.75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നാംഘട്ട പദ്ധതിക്കായി അനുവദിച്ചത്. മെയ് 26ന് പിലാത്തറ ഹോപ്പിന് സമീപം രണ്ടര ഏക്കറിലായി വിത്തിട്ട് തയ്യാറാക്കിയ ചെടികളാണ് കൃഷിക്കായി ഉപയോഗിച്ചത്.

ജൂലൈ 15നാണ് കുറുന്തോട്ടി നടീലിന്റെ ഉദ്ഘാടനം നടന്നത്. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി.
കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായവും സേവനവും ഉറപ്പുവരുത്തുന്നതിന് സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള നടപടികളും തുടങ്ങി. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ മികച്ച ജൈവ കാര്‍ഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാനപുരസ്‌ക്കാരം കല്യാശേരി മണ്ഡലത്തിന് ലഭിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി 100 ഏക്കറിലേക്ക് ഔഷധക്കൃഷി വ്യാപിപ്പിക്കും. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തില്‍ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളില്‍ 10 ഏക്കര്‍ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നില്‍ അഞ്ച് ഏക്കറിലും, മാട്ടൂല്‍ പഞ്ചായത്തില്‍ 2.5 ഏക്കറിലും ഔഷധ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ശ്രീധരന്‍ (ചെറുതാഴം), പി ഗോവിന്ദന്‍ (ഏഴോം), ടി നിഷ ( ചെറുകുന്ന്), ടി ടി ബാലകൃഷ്ണന്‍ (കല്യാശേരി), പി ശ്രീമതി ( പട്ടുവം ), ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എന്‍ ഗീത, അംഗം ജസീര്‍ അഹമ്മദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒ വി നാരായണന്‍, തടം ശ്മശാന കമ്മിറ്റി രക്ഷാധികാരി കെ വി ബാലന്‍ മാസ്റ്റര്‍, കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബി സുഷ, ഏഴോം കൃഷി ഓഫീസര്‍ നിഷ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications