വിവാഹചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് ഡിഎംഒ
കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ എന്ന് സംശയം. മലപ്പട്ടത്തെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 60 ഓളം പേര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തേടി.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിവാഹം. തലേദിവസം ശനിയാഴ്ചത്തെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 500 ഓളം പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്.

ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് ഡി എം ഒ ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ വിവാഹം ദിവസം ഭക്ഷണം കഴിച്ചവരില്‍ നൂറിലേറെ പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളാണ് അനുഭവപ്പെട്ടത്. ഇവര്‍ മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് ചികിത്സ തേടിയിരിക്കുന്നത്. അതേസമയം ഇതില്‍ ഒരാള്‍ക്ക് കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതായാണ് വിവരംം.
ആരോഗ്യ വകുപ്പ് അധികൃതര്‍ വിവാഹ വീട്ടില്‍ എത്തി പരിശോധന നടത്തി. എവിടെ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്ന് കണ്ടെത്താനായിട്ടില്ല. വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് പാര്‍ട്ടിയോട് അനുബന്ധിച്ച് നല്‍കിയിരുന്നത്. ഞായറാഴ്ച മുതല്‍ ആണ് ഇവരില്‍ പലര്‍ക്കും ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്.












Click it and Unblock the Notifications