കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരിക്കൂര്‍ നായാട്ടുപാറ സ്വദേശി ആദര്‍ശ് ഉടന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ദൂരെക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കാറിന്റെ ഡ്രൈവര്‍ സീറ്റിലെ ലോക്ക് തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. ആദര്‍ശ് ഇറങ്ങിയ ഉടനെ കാര്‍ കത്തിയമരുകയായിരുന്നു. സംഭവസ്ഥലത്തിന് നൂറ് മീറ്റര്‍ അകലെയുള്ള ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ സ്ഥലത്ത് കാര്‍ കത്തിയതിനെ തുടര്‍ന്ന് കുറ്റിയാട്ടുര്‍ സ്വദേശികളായ ദമ്പതികള്‍ വെന്തുമരിച്ചിരുന്നു. അതിന്റെ നടുക്കം വിട്ടു മാറും മുന്‍പെയാണ് ഇതേ സ്ഥലത്ത് തന്നെ കാര്‍ വീണ്ടും കത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയര്‍ഫോഴ്സ് നല്‍കുന്ന പ്രാഥമിക സൂചന.
മഴ മാറിനില്‍ക്കുന്ന സമയത്താണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഇരട്ട മരണത്തിന്റെ നേര്‍ കാഴ്ച്ച മനസില്‍ മായാതെ കിടന്നിരുന്ന നഗരത്തിലെ ജനങ്ങള്‍ രണ്ടാമതും അതേ സ്ഥലത്ത് കാര്‍ കത്തിയതിന്റെ നടുക്കത്തിലായിരുന്നു. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ മിനുട്ടുകള്‍ക്കുളളില്‍ കത്തി നശിക്കുകയായിരുന്നു. കാറിന്റെ പെട്രോള്‍ ടാങ്കിനടക്കം തീപിടിച്ചതാണ് പൂര്‍ണമായി കത്തിനശിക്കാന്‍ കാരണമാണെന്നാണ് ഫയര്‍ഫോഴ്സിന്റെ വിലയിരുത്തല്‍.
കണ്ണൂര്‍ നഗരത്തില്‍ കാറുകള്‍ക്ക് തീപിടിച്ചു കത്തിനശിക്കുന്ന സംഭവം തുടര്‍ക്കഥയാണ്. യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായിട്ടുളള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാന്‍ വാഹന ഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications