മദ്യപിച്ചു റോഡരികിൽ കിടന്നപ്പോൾ പെരുമ്പാമ്പ് കഴുത്തിൽചുറ്റി; രക്ഷകനായത് പെട്രോൾ പമ്പുജീവനക്കാരൻ
ചിറക്കല്‍: കണ്ണൂരില്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും മധ്യവയ്‌സകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ വളപട്ടണത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ വളപട്ടണത്ത് ടോള്‍ ബൂത്തിനരികില്‍ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയ മധ്യവയസ്‌കനെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. രണ്ടു ദിവസം മുന്‍പ് വളപട്ടണം ടോള്‍ ബൂത്തിനരികെയുളള പെട്രോള്‍ പമ്പിലാണ് സംഭവം.

PC: Represntative Image
രാത്രി പതിനൊന്നരയ്ക്കാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടോള്‍ ബൂത്തിന് സമീപമുളള ദേശീയപാതയിലെ റോഡരികില്‍ മദ്യപിച്ചു ലക്കുകെട്ട വീണ വളപട്ടണം കളരിവാതുക്കലിന് സമീപം താമസിക്കുന്ന മധ്യവയസ്‌കന്റെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. മദ്യലഹരിയില്‍ റോഡരികിലേക്ക് വീണു ബോധംമറഞ്ഞ ഇയാളുടെ കഴുത്തില്‍ കുറ്റിക്കാട്ടില്‍ നിന്നുമെത്തിയ പെരുമ്പാമ്പ് ചുറ്റുകയായിരുന്നു.
ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ഞെട്ടിയ ഉണര്‍ന്നപ്പോഴാണ് കഴുത്തില്‍ വലിയ പെരുമ്പാമ്പ് ചുറ്റിയത് ഇയാള്‍ക്ക് വ്യക്തമായത്. ഉടന്‍ പ്രാണഭയത്തോടെ തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ ഓടിക്കയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഹിന്ദിക്കാരായ ചരക്കുലോറി ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പെട്രോള്‍ പമ്പു ജീവനക്കാനാണ് പാമ്പിന്റെ ഭാരം താങ്ങാനാവതെ തറയില്‍ വീണ ഇയാളുടെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിനെ പുറത്തെടുത്തത്.
ഉടന്‍ പാമ്പ് പെട്രോള്‍ പമ്പിന്റെ ഇന്റര്‍ലോക്ക് വിരിച്ച തറയിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങിപ്പോയി. പെരുമ്പാമ്പ് കഴുത്തില്‍ചുറ്റിയ മധ്യവയസ്‌കന് സാരമായ പരുക്കില്ലെന്നാണ് വിവരം. പെരുമ്പാമ്പ് ചുറ്റിയ മധ്യവയസ്‌കന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പെട്രോള്‍ പമ്പുജീവനക്കാരന്റെ മന:സാന്നിധ്യമാണ് ഒരു ജീവന്‍ രക്ഷിച്ചത്. ഹിന്ദിക്കാരായ ലോറി ഡ്രൈവര്‍മാരും ഇയാളുടെ സഹായത്തിനുണ്ടായിരുന്നു.
വളപട്ടണം ടോള്‍ ബൂത്ത് പരിസരത്ത് പെരുമ്പാമ്പിന്റെ ശല്യം വ്യാപകമാണെന്നും ഇവ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കാറുണ്ടെന്നും കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് പോകുന്നത് അപകടഭീഷണിയിലുളള സാഹചര്യത്തിലാണെന്നും പ്രദേശത്തെ പൊതുപ്രവര്‍ത്തകനായകെ.സി സലീം പറഞ്ഞു.
ഈക്കാര്യത്തില്‍ അധികൃതര്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളപട്ടണം ടോള്‍ ബൂത്തിനടുത്തുളള കരിങ്കല്‍ കെട്ടിലെ കിണറിലാണ് പെരുമ്പാമ്പുകള്‍ പെരുകുന്നത്. അന്‍പതോളം പെരുമ്പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദേശീയപാതയോരത്തെ വനപ്രദേശമാണിത്. റോഡരികില്‍ ഇറച്ചിമാലിന്യങ്ങള്‍ തളളുന്നതു ഭക്ഷിച്ചാണ് പെരുമ്പാമ്പുകള്‍ പെറ്റുപെരുകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്നു അറവുമാലിന്യങ്ങള്‍ തളളുന്ന പ്രധാനകേന്ദ്രങ്ങളിലൊന്നാണ് തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ അതിരൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. ചിറക്കല്‍ പഞ്ചായത്ത്അധികൃതരോട് നിരന്തരംപരാതി പറഞ്ഞിട്ടും രേഖാമൂലം നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications