റെയില്‍വെ സ്റ്റേഷനിലെ അനധികൃത പാര്‍ക്കിംഗ് സ്ഥലത്ത് മരം വീണു; ഇരുചക്രവാഹനങ്ങള്‍ക്ക് കേടുപാട്
തലശേരി: റെയില്‍വെ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശന കവാടത്തിനരികിലെ അനധികൃത പാര്‍ക്കിംഗ് സ്ഥലത്ത് തണല്‍മരം പൊട്ടിവീണു. ഇവിടെ നിര്‍ത്തിയിട്ട നിരവധി ഇരുചക്രവാഹനങ്ങള്‍ മരക്കൊമ്പ് തട്ടി ഭാഗികമായി തകര്‍ന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ മണിയോടെയാണ് ഏറെ പ്രായമുള്ള കൂറ്റന്‍ തണല്‍ മരം കടപുഴകി വലിയ ചില്ലകള്‍ പൊട്ടിവീണത്.
മരത്തിന് കീഴെയുള്ള തണലില്‍ നിര്‍ത്തിയിട്ട മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. ഏഴു ബൈക്കുകള്‍ ഭാഗികമായി തകര്‍ന്നു. ട്രെയിന്‍ യാത്രക്കാരുടെ വാഹനങ്ങളാണ് തകര്‍ന്നത്. തടിമരം ഇപ്പോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ.രജീഷിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റി.

മരം വീണതിനെ തുടര്‍ന്ന് ഏതാനും സമയം ഇതുവഴി വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. മരത്തണലിലെ ഇടം നോക്കി വാഹനം പാര്‍ക്കു ചെയ്യുന്നത് അനധികൃതമാണെന്നും റെയില്‍വെക്ക് ഇതില്‍ ഉത്തരവാദിത്വമില്ലെന്നുമാണ് സ്റ്റേഷന്‍ അധികൃതരുടെ വിശദീകരണം. നേരത്തെ ഇവിടെ പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ ഏറ്റെടുത്തയാള്‍ക്ക് നഷ്ടം നേരിട്ടതിനാല്‍ കരാറുകാരന്‍ ഒഴിവാകുകയായിരുന്നു.
ഇതില്‍ പിന്നീട് പേ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതോടെ വാഹന ഉടമകള്‍ അവരുടെ സൗകര്യത്തിന് നിര്‍ത്തിയിടുകയാണെന്നാണ് റെയിവെ ഉദ്യോഗസ്ഥര്‍ പറയുന്നത്. തലശേരി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷമായ പാര്‍ക്കിങ് പ്രശ്നമാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. തലശേരി പഴയബസ് സ്റ്റാന്‍ഡില്‍ ഓണത്തിനോട് അനുബനധിച്ചു നഗരസഭാ പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതു ജനങ്ങളെ പിഴിയാനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ തലശേരിയില്‍ അനധികൃത പാര്‍ക്കിങിനെതിരെ പൊലിസ് നടപടിയും ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications