കാട്ടിലേക്ക് ഓടിച്ചു വിട്ട കാട്ടാനകൾ വീണ്ടും തിരികെയെത്തി: ആറളം ഫാമിന്റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്
കൊട്ടിയൂർ: വനം വകുപ്പ് വനത്തിലേക്ക് തുരത്തിയിട്ടും തിരിച്ചെത്തിയ കാട്ടാനകൾ ആറളം ഫാമിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി സർക്കാർ 6.50 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഫലമില്ലാത്ത അവസ്ഥയാണിപ്പോൾ. കൂട്ടത്തോടെയിറങ്ങുന്ന കാട്ടാനകൾ ഫാമിലെ സർവതും തച്ചുതകർക്കുകയാണിപ്പോൾ.
മലയാളിപ്പിള്ളേരെ മുട്ട് കുത്തിച്ച ബംഗാളിക്കുട്ടിയുടെ സ്വപ്നം സഫലം, ആഗ്രഹിച്ച പോലെ ദിലീപിനെ കണ്ടു
ഒരു മാസംമുൻപ് ഫാമിലെ കൃഷിയിടത്തിൽ നിന്നും 38 കാട്ടാനകളെ വനത്തിലേക്ക് തുരത്തിയിരുന്നു.എന്നാൽ അതു കൊണ്ട് യാതൊരു ഫലവുമില്ലെന്ന കാര്യമാണ് കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ വ്യക്തമാവുന്നത്. കാട്ടാനകൾ തിരികെ ഫാമിൽ പ്രവേശിക്കാതിരിക്കാൻ വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്തിയിരുന്നെങ്കിലും വനത്തിലേക്ക് കടന്ന ആനകളിൽ പകുതിയിലധികവും ഏതാനും ദിവസങ്ങൾക്കുള്ളിൽഫാമിൽ തിരിച്ചെത്തിയിട്ടുണ്ട്. കാട്ടാനകൾ കോടികളുടെ കൃഷിനാശമാണ് ഒരോ വർഷവും ഉണ്ടാക്കുന്നത്. ആന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാക്കിയില്ലെങ്കിൽ ഇപ്പോൾ നടത്തുന്ന വൈവിധ്യവത്കരണ പ്രവർത്തനം കൊണ്ടും ഗുണമുണ്ടാവില്ല.
കഴിഞ്ഞ രാത്രി ആദിവാസി പുരധിവാസ മിഷൻ ഓഫീസിന് മുന്നിലെ നിറയെ കായ്ഫലമുള്ള കൂറ്റൻ തെങ്ങാണ് കാട്ടാന കുത്തിവീഴ്ത്തിയത്. കശുമാവ് നഴ്സറിയുടെ കമ്പിവേലിയും നശിപ്പിച്ചു. നിരവധി ആനകൾ ഇപ്പോഴും ഫാമിലെ കൃഷിയിടങ്ങളിൽ തന്പടിച്ചു നിൽക്കുകയാണ്. വനാതിർത്തിയിലെ ആനമതിൽ നിർമിക്കാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയാകണം. എന്നാൽ മാത്രമെ കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന വൈവിധ്യവത്കരണം കൊണ്ട് പ്രയോജനമുണ്ടാകുകയുള്ളൂ.
വൈവിധ്യ വത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാനവും കൂടുതൽ തൊഴിലവസരവും ലക്ഷ്യമാക്കി കർഷിക സർവകലാശാല ഗവേഷണ വിഭാഗം സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാനാണ് 6.50 കോടി അനുവദിച്ചത്. മൊത്തം 14.56 കോടിയുടെ വികസന പദ്ധതികൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഇതിൽ മൂന്ന് കോടി രൂപ ഒന്നാം ഘട്ടമായി നൽകിയിരുന്നു. കാർഷിക ഗോഡൗണുകളുടെ നിർമാണം, ഡ്രൈയിംഗ് യാർഡ് റിപ്പയറിംഗ്, കൃഷിയുടെ പുനരുദ്ധാരണം, പുതുകൃഷി, പശു, ആട് വളർത്തൽ, സുഗന്ധവിള കൃഷി എന്നിവയുടെ നടത്തിപ്പിനാണ് രണ്ടാം ഘട്ട സഹായം.
ഫാമിൽ തുടക്കമിട്ട 25 ഹെക്ടറിൽ നിന്ന് ലഭിക്കുന്ന മഞ്ഞൾ ശാസ്ത്രീയമായി സംസ്കരിച്ച് പൊടിയാക്കി ആറളം ഫാം ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനുള്ള ചെറുകിട ഫാക്ടറിയാരംഭിക്കാനും രണ്ടാം ഘട്ട ധനസഹായം ഉപയോഗപ്പെടുത്തും. മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ലാബ്, മാതൃകാ കൃഷിത്തോട്ടം, ഫാം ടൂറിസം പദ്ധതികൾക്കുള്ള തുടക്കം എന്നിവയും രണ്ടാം ഘട്ടത്തിൽ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.