കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണൂർ എഡിഎം കെ നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി വിമർശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച്ച രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച വൈകീട്ട് കണ്ണൂർ കലക്ടറുടെ ചേംബറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻഒസി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കാലതാമസം വരുത്തിയതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ പരസ്യമായി വിമർശിച്ചിരുന്നു. എഡിഎം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങൾക്കു മുൻപ് എൻഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു.

ഈ കാര്യം നാല് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദിവ്യ യാത്രയയപ്പ് യോഗം തന്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്‌കരിച്ചു പുറത്ത് പോയത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്കാണ് എഡിഎം കെ നവീൻ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തിൽ കണ്ണൂർ കലക്ടർ അരുൺ കെ വിജയനായിരുന്നു ഉദ്ഘാടകൻ.
ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അകാരണമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. അപമാന ഭാരത്തിലുള്ള മനോവിഷമത്തിലാണ് എഡിഎം കലക്ടറിൽ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എഡിഎമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോൺഗ്രസും ബിജെപിയും സിപിഎം നേതാവ് കൂടിയായ പിപി ദിവ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പത്തനംതിട്ടയിൽ ജോലിയിൽ പ്രവേശിക്കുന്നതിനായി ഇന്ന് രാവിലെ നവീൻബാബു ട്രെയിൻ കയറേണ്ടതായിരുന്നു. എന്നാൽ വിളിച്ചിട്ട് ഫോൺ എടുക്കാതെയായപ്പോൾ കുടുംബാംഗങ്ങൾ സഹപ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്നാണ് പള്ളിക്കുന്നിലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എഡിഎം കൈക്കൂലി വാങ്ങിയെന്ന പരോക്ഷ ആരോപണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ യാത്രയയപ്പ് സമ്മേളനത്തിനിടെ ഉന്നയിച്ചത്. നാല് ദിവസം കൊണ്ടു ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നായിരുന്നു ദിവ്യ പറഞ്ഞിരുന്നത്. ഇതോടെയാണ് സംഭവം വിവാദമായത്. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ സാന്നിദ്ധ്യത്തിലാണ് അതിരൂക്ഷമായ ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നത്. ഇതിൽ ഇടപെടാനോ പ്രതികരിക്കാനോ തയ്യാറാകാതെ മൗനം പാലിക്കുകയായിരുന്നു കലക്ടർ.












Click it and Unblock the Notifications