കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ട് പേര്‍ അറസ്റ്റില്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണവുമായി രണ്ടു യാത്രക്കാര്‍ പിടിയിലായി ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെത്തിയ കാസര്‍ക്കോട് സ്വദേശിയായ അബ്ദുള്‍ നിഷാര്‍, അബുദാബിയില്‍ നിന്നുമെത്തിയ വടകര സ്വദേശിയായ മഹ്‌മുദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഒരു കോടി എട്ടുലക്ഷം രൂപ വില വരുന്ന 1829 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്. മഹ്‌മൂദില്‍ നിന്നും 44 ലക്ഷം രൂപ വിലവരുന്ന 739 ഗ്രാം സ്വര്‍ണവും അബ്ദുള്‍ നിഷാറില്‍ നിന്നും 64 ലക്ഷം രൂപ വിലമതിക്കുന്ന 1080 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പിന്നീട് വേര്‍തിരിച്ചു പരിശോധിച്ചിട്ടുണ്ട്. പരിശോധനയില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടറായ ദീപക് മീന, രാധാകൃഷ്ണന്‍, ഷെമ്മി, രാജശേഖരന്‍, നിതേഷ്, ഗൗരവ് വത്സല, ബോബി എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കണ്ണൂര്‍ വിമാന താവളത്തില്‍ നിന്നും മൂന്നു കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണവേട്ട നടത്തുന്നത്. കസ്റ്റംസിനും ഡിആര്‍ഐക്കും പുറമേ ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങുന്നവരെ എയര്‍പോര്‍ട്ട് പൊലിസും പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്.
നിരവധിയാളുകളില്‍ നിന്നും എയര്‍പോര്‍ട്ട് പൊലിസും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. പിടിയിലാകുന്നവരില്‍ ഏറെയും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണ്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.












Click it and Unblock the Notifications