കണ്ണൂര്‍- ബെംഗളൂരു ദേശീയപാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ മലബാറും കുടകും
കണ്ണൂര്‍: കണ്ണൂര്‍- ബെംഗളൂരു ഇടനാഴിയ്ക്ക് അനുമതി ലഭിച്ചതോടെ പ്രതീക്ഷയില്‍ വടക്കേ മലബാറും കര്‍ണാടകയിലെ കുടക്, ഹാസന്‍ ജില്ലകളും. കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാനാണ് തത്വത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാല്‍ മൈസൂരുകുടക് എം പി പ്രതാപ് സിംഹയും വീരാജ്‌പേട്ട എം എല്‍ എ കെ ജി ബൊപ്പയ്യയും മുന്‍കയ്യെടുത്താണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയത്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണയില്‍ നിന്നു തുടങ്ങി ഹോള്‍നരസിപ്പുര - അര്‍ക്കല്‍ഗുഡ് - ഷാനിവരസന്തെ സോമവാര്‍പേട്ട മഡാപുര മടിക്കേരി - മൂര്‍നാട് വീരാജ്‌പേട്ട വഴി കേരള - കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡാണ് ദേശീയപാതയായി ഉയര്‍ത്തുക. 183 കിലോമീറ്റര്‍ നീളം വരുന്ന റോഡിന് 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Recommended Video

ബെംഗളൂരു മൈസൂരു ദേശീയപാതയെ 10 വരിയുള്ള സാമ്പത്തിക ഇടനാഴിയായി ഉയര്‍ത്തുന്ന പദ്ധതി 2022 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 6 വരി പ്രധാനപാതയും 4 സര്‍വീസ് റോഡുകളും ഉള്‍പ്പെടുന്ന ഇടനാഴി യാഥാര്‍ഥ്യമായാല്‍ ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. മൈസൂരു മടിക്കേരി ദേശീയപാതയുടെ വികസന പ്രവൃത്തി അടുത്ത ജൂണില്‍ തുടങ്ങുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. 84 കിലോമീറ്റര്‍ ദൂരം വരുന്ന മൂന്നു ബൈപാസുകള്‍ ഉള്‍പ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും മാക്കൂട്ടയ്ക്കും ഇടയിലുള്ള പാതയ്ക്ക് കൂടി ദേശീയപാത പദവി ലഭിക്കുന്നതോടെ ബെംഗളൂരുവിനും കണ്ണൂരിനും ഇടയിലെ റോഡ് പൂര്‍ണമായും ദേശീയപാതയായി മാറും.
കുടക്, ഹാസന്‍ മേഖലകളില്‍ നിന്നു പച്ചക്കറികള്‍ ഉള്‍പ്പെടെ ഒട്ടേറെ ചരക്കു വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ജോലി ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി കുടക്, മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്കു നിരന്തരം യാത്ര ചെയ്യുന്നവര്‍ക്കും റോഡ് വികസനം ഗുണകരമാകും. മാത്രമല്ല ദേശീയപാതയായി ഉയരുന്നതോടെ കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവയുടെ പ്രയോജനം കുടക്, ഹാസന്‍ മേഖലകള്‍ക്കും ലഭ്യമാകും.
കുടക് മേഖലയിലെ വിനോദസഞ്ചാരത്തിനും കാപ്പിയും ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതിക്കും റോഡ് വികസനം വഴിയൊരുക്കും. നിലവില്‍ റോഡ് മാര്‍ഗം മെംഗളൂരുവിലോ കൊച്ചിയിലോ എത്തിച്ചാണ് കയറ്റുമതി ചെയ്യുന്നത്. കൂട്ടുപുഴ പാലം കൂടി യാഥാര്‍ഥ്യമായ പശ്ചാത്തലത്തില്‍ കണ്ടെയ്‌നര്‍ ലോറികള്‍ക്ക് അഴീക്കല്‍ തുറമുഖത്തേക്ക് സുഗമമായി എത്താം.












Click it and Unblock the Notifications