ക്യാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂര്‍
ആദ്യഘട്ടത്തില്‍ 13 ആളുകളെ നേരത്തെയുള്ള സ്റ്റേജില്‍ ക്യാന്‍സര്‍ കണ്ടെത്തി ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 740 ഓളം ആളുകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി

കണ്ണൂര്‍: ക്യാന്‍സര്‍ നിയന്ത്രിത പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിച്ച സംസ്ഥാനത്തിലെ ആദ്യ കോര്‍പ്പറേഷനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍. ആദ്യ ഘട്ട പ്രവര്‍ത്തനം 2018-22 വര്‍ഷങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നും തീവ്ര പരിശീലനം നല്‍കിയ 1200 ഓളം വളണ്ടിയര്‍മാര്‍ വീട് വീടാന്തരം കയറിയിറങ്ങി.
കുടുംബാംഗങ്ങളെ കാന്‍സര്‍ പ്രതിരോധത്തിനായും രോഗം നേരത്തെ കണ്ടെത്തുന്നതിനുമുള്ള ബോധവല്‍ക്കരണത്തോടൊപ്പം കാന്‍സറിനെ ശാസ്ത്രീയമായി നേരിടുന്നതിനെ കുറിച്ചുള്ള കൈപ്പുസ്തകവും നല്‍കി.
സാധ്യത ലക്ഷണം സംശയിക്കുന്നവരെ വീടുകളില്‍ നിന്നും കണ്ടെത്തി കോര്‍പ്പറേഷന്റെ എല്ലാ സോണുകളിലും 12 ഗ്രാമതല ഫില്‍ട്ടര്‍ ക്യാമ്പുകള്‍ നടത്തി വിദഗ്ധ പരിശോധന നടത്തുകയും തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന സ്പെഷാലിറ്റി ആശുപത്രിയായ സഞ്ജീവനി ടെലി ഓണ്‍കോ നെറ്റ് യൂണിറ്റിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ സോണുകളിലും മെഗാ ക്യാമ്പ് നടത്തിയും ആദ്യഘട്ടം 2022ല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
ആദ്യഘട്ടത്തില്‍ 13 ആളുകളെ നേരത്തെയുള്ള സ്റ്റേജില്‍ ക്യാന്‍സര്‍ കണ്ടെത്തി ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ വര്‍ഷം രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോര്‍പ്പറേഷനുകളിലായി എട്ടു ഫില്‍റ്റര്‍ ക്യാമ്പുകള്‍ നടത്തി. 740 ഓളം ആളുകളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും അതില്‍ നിന്നും മാമ്മോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ ചിലവേറിയ പരിശോധനകള്‍ ആവശ്യമുള്ളവര്‍ക്കായി ഈ വര്‍ഷത്തെ പദ്ധതിയുടെ അവസാനഘട്ടമായ മെഗാ ക്യാമ്പില്‍ നൂറോളം വരെ പരിശോധനയ്ക്ക് വിധേയമാക്കി.
4 പേരെ വളരെ നേരത്തെയുള്ള അവസ്ഥയില്‍ കണ്ടെത്തി. അവര്‍ക്ക് ചികിത്സ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയുള്ള തുടര്‍പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരത്തില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനും ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിനുമായിട്ടുള്ള തീവ്രപ്രവര്‍ത്തനം ജനകീയമായി സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രഥമ കോര്‍പ്പറേഷനായി മാറി കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ കോര്‍പ്പറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കിയത്.
വനിതാ കോളേജില്‍ വെച്ച് ഇന്ന് നടത്തിയ പദ്ധതിയുടെ അവസാന ഘട്ടമായ മെഗാ ക്യാമ്പ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ ശ്രീമതി. ഷബീന ടീച്ചര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.രാജേഷ് സ്വാഗതവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. പി. ഇന്ദിര, കൗണ്‍സിലര്‍മാരായ ശ്രീലത, മുസ്ലീഹ് മഠത്തില്‍, ഡബ്യു. എച്ച്. ഒ, പി.യു.ഡി പ്രോജക്ട് ടീം അംഗം ഡോ.ബീന കൃഷ്ണന്‍, എം.സി.സി.എസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി. സി രവീന്ദ്രന്‍ എന്നിവര്‍ ആശംസയും ഇമ്പ്ലിമെന്റിങ് ഓഫീസര്‍ ഡോ. രാജേശ്വരി രാജ് നന്ദിയും പറഞ്ഞു. ക്യാമ്പിന് ഡോ. വി.സി. രവീന്ദ്രന്‍, ഡോ.ഹര്‍ഷ ഗംഗാധരന്‍, ഡോ. ബീന കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications