മലയാളത്തിന്റെ പ്രീയ എഴുത്തുകാരന്‍ ടിഎന്‍ പ്രകാശിന് നാടിന്റെ യാത്രാമൊഴി
കണ്ണൂര്‍: ഉത്തരാധൂനിക സാഹിത്യത്തെ തന്റെ ലളിതഭാഷയിലൂടെ അടയാളപ്പെടുത്തിയ പ്രീയഎഴുത്തുകാരന്‍ ടിഎന്‍ പ്രകാശിന് ജന്മനാടിന്റെ യാത്രാമൊഴി. മലയാള സാഹിത്യ ലോകത്തിന് നാട്ടുഭാഷയുടെ നര്‍മ്മമധുരവും ലാളിത്യവും സമ്മാനിച്ച പ്രീയ എഴുത്തുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ വിവിധ മേഖലകളില്‍ നിന്നുളള നൂറുകണക്കിനാളുകളാണ് വലിയന്നൂരിലെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.
കണ്ണൂര്‍ സൗത്ത് എ. ഇ.ഒയായി വിരമിച്ചതിനു ശേഷം വര്‍ഷങ്ങളായി സ്ട്രോക്ക് വന്നു ചികിത്സയിലായിരുന്ന ടിഎന്‍ പ്രകാശ് എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് തന്റെ 68-ാംമത്തെ വയസില്‍ അപ്രതീക്ഷിതമായി വിടപറയുന്നത്. ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത മലയാളത്തിലെ സാംസ്‌കാരിക ലോകം ശ്രവിച്ചത്.

സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, മുഖ്യമന്ത്രിക്കു വേണ്ടി പൈവ്രറ്റ് സെക്രട്ടറി കെകെ രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി ടിവി രാജേഷ് തുടങ്ങിയവര്‍ പുഷ്പചക്രമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം വികെ സുരേഷ്ബാബു, സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ.കെ ബാബുരാജ്, ജനതാദള്‍ നേതാവ് വികെ ദിവാകരന്‍, എഴുത്തുകാരന്‍ പികെ പാറക്കടവ്, മുസ്ലിം ലീഗ് ജില്ലാ പ്രസി. അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ ടിഎന്‍ പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ പയ്യാമ്പലം ശ്മശാനത്തില്‍ കണ്ണൂരിന്റെ പ്രീയ എഴുത്തുകാരന്റെ ഭൗതീക ശരീരം സംസ്‌കരിച്ചു.
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നീ മേഖലയില്‍ ടി. എന്‍ പ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1955 ഒക്ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരിലായിരുന്നു ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതശാസ്ത്രം അധ്യാപകനായിരുന്നു. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്.
അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ..., ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികള്‍.
മികച്ച പ്രഭാഷകനും അധ്യാപകനുമായിരുന്ന ടിഎന്‍ പ്രകാശ് തന്റെ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി എഴുതിയ പച്ചമഷിക്കാലമെന്ന ആത്മകഥ ഏറെ ജനപ്രീയത നേടിയിരുന്നു.വളപട്ടണം പാലം , ചതുരക്കിണക്കര്‍ തുടങ്ങിയ കഥകള്‍ നാടിന്റെ ഹൃദയതുടിപ്പുകള്‍ തൊട്ടറിയുന്നതായിരുന്നു. വിരമിച്ചതിനു ശേഷം ആകാശവാണിയിലെ കാഷ്വല്‍ ആര്‍ടിസ്റ്റായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications