നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു; ചെറുകുന്നിനെ നടുക്കി ഉറ്റസുഹൃത്തുക്കളുടെ മരണം
തളിപ്പറമ്പ്: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത് ചെറുകുന്ന് ഗ്രാമത്തെ നടുക്കി. തളിപ്പറമ്പിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിര്‍ത്തിയിട്ട കാറുമായി ബൈക്ക് കൂട്ടിയിടിച്ച് ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കണ്ണപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ചെറുകുന്ന് കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട സ്വിഫ്റ്റ്കാറില്‍ ഇടിക്കുകയായിരുന്നു. കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് യുവാക്കള്‍ സഞ്ചരിച്ച കെഎല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ വരികയായിരുന്നു.
കാറിന് പിന്നിലിടിച്ചു തെറിച്ചു വീണ യുവാക്കള്‍ തല്‍ക്ഷണം തന്നെ മരിച്ചുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയര്‍ഫോഴ്സ് എത്തിയാണ് കഴുകിമാറ്റിയത്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നിരവധിയാളുകളാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് കെഎസ്ടിപി റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications