'കൈയും തലയും കൊത്തി, കാളീപൂജ നടത്തും'; ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി
കണ്ണൂര്‍: സ്പീക്കര്‍ എ എന്‍ ഷംസീറിനും സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബി ജെ പി - യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തലശ്ശേരിക്ക് അടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു പ്രകോപനപരമായ മുദ്രാവാക്യം വിളി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ജയരാജന്‍ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കൊലവിളി.
'ഓര്‍മ്മയില്ലേ ജയരാജാ, ഒറ്റക്കയ്യാ ജയരാജാ... മോര്‍ച്ചറി ഞങ്ങളൊരുക്കുന്നുണ്ട്... നിനക്ക് വേണ്ടി ജയരാജാ, ഒാര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ... ഹൈന്ദവ സമൂഹത്തെ അപമാനിച്ച എ എന്‍ ഷംസീര്‍ മൂരാച്ചീ.. അധികാരത്തിന്‍ ഊറ്റം കൊണ്ട് ഞങ്ങള്‍ക്കെതിരെ നേരെ വന്നാല്‍.. കൈയും കൊത്തി തലയും കൊത്തി... കാളീപൂജ നടത്തും ഞങ്ങള്‍.. ഓര്‍ത്ത് കളിച്ചോ ഷംസീറെ. ഓര്‍ത്ത് കളിച്ചോ ജയരാജാ..,' എന്നാണ് ഭീഷണി.

നേരത്തെ ഗണപതിയെ അപമാനിച്ചു എന്ന് ആആരോപിച്ച് ഷംസീറിന്റെ എം എല്‍ എ ക്യാംപ് ഓഫിസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേഷ് നടത്തിയ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം കുറിച്ചത്. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്ന് ഗണേഷ് പറഞ്ഞിരുന്നു.
ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും ഉള്ളത് എന്നും എന്നാല്‍ എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണം എന്ന് കരുതരുത് എന്നുമായിരുന്നു കെ ഗണേഷിന്റെ പ്രകോപനപരമായ പ്രസംഗം. ഇതിന് പിന്നാലെയാണ് പി ജയരാജന്‍ മറുപടിയുമായി രംഗത്തെത്തിയത്. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ദേഹത്ത് മണ്ണ് വീണാല്‍ ഒരു വരവ് കൂടി വരേണ്ടി വരും എന്നായിരുന്നു തിരുവോണത്തിന് പൂക്കളമിട്ടതിന്റെ ചിത്രത്തോടൊപ്പം സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഒരു തിരുവോണ നാളില്‍ ജയരാജന്‍ ആക്രമിക്കപ്പെടുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിന് പിന്നില്‍.
അതേസമയം സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. താന്‍ യുവമോര്‍ച്ചക്കാര്‍ക്ക് മനസ്സിലാകുന്ന മറുപടിയാണ് എന്നും സംഘപരിവാറിന്റെ അശാസ്ത്രീയ വിഡ്ഢിത്തങ്ങള്‍ ഇനിയും തുറന്നെതിര്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോള്‍ വന്നാലും സന്തോഷമാണ് എന്നും ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications