കോണ്‍ഗ്രസിനെ നയിക്കുന്നത് കുടുംബാധിപത്യവും ഉപജാപകവൃന്ദങ്ങളുമെന്ന് രഘുനാഥ്
കണ്ണൂര്‍: കോണ്‍ഗ്രസിനെ നയിക്കുന്നത് കുടുംബാധിപത്യവും ഉപജാവകവൃന്ദങ്ങളുമാണെന്ന് ബിജെപി ദേശീയ സമിതി അംഗം സി. രഘുനാഥ്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അതിന്റെ ആദര്‍ശത്തില്‍ നിന്നും നയപരിപാടികളില്‍ നിന്നും പൂര്‍ണ്ണമായും പിറകോട്ട് പോയി. കോണ്‍ഗ്രസില്‍ ജനാധിപത്യവും മതേതരത്വവും പൂര്‍ണമായും നഷ്ടപ്പെട്ടു.
വ്യക്തി താല്‍പര്യമുള്ളവരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറി. ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടുപോയ കോണ്‍ഗ്രസ് നിലനില്‍പ്പിനു വേണ്ടിയാണ് ഇന്‍ഡി സഖ്യം രൂപീകരിച്ചത്. എന്നാല്‍ ഇത് വിശാലമായ ദേശീയ കാഴ്ചപ്പാടുള്ള ഒരു സഖ്യമല്ല. മറിച്ച് സങ്കുചിതമായ പ്രാദേശിക താല്‍പര്യങ്ങളുള്ളവരുടെ ഒരു കൂട്ടായ്മ മാത്രമാണ്. പൂര്‍ണമായും കുടുംബാധിപത്യമുള്ള കോണ്‍ഗ്രസില്‍ പൊതുസമൂഹത്തിന് വിശ്വാസം നഷ്ടപ്പെട്ടു.

ബിജെപി വിശാലമായ ദേശീയ കാഴ്ചപ്പാടും വികസന നയപരിപാടികളും മുന്നോട്ടുവെക്കുന്ന പാര്‍ട്ടിയാണ്. കേരളത്തിലെ കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ പ്രതിപക്ഷമാവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. എല്‍ഡിഎഫിനോട് പൂര്‍ണ്ണമായും വിട്ടുവീഴ്ച ചെയ്ത് ചങ്ങാത്ത രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. വ്യക്തിതാല്‍പര്യമുള്ള ഒരുപറ്റം നേതാക്കളാണ് ഇതിനു പിന്നില്‍.
വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത ഒരുപറ്റം നേതാക്കളാണ് പ്രസ്ഥാനത്തെ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ കെടുകാര്യസ്ഥതകള്‍ക്കെതിരായ ശക്തമായ സാന്നിധ്യം ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ ബിജെപിയിലേക്ക് വരുമോ എന്ന് പറയേണ്ടത് താനല്ല. അത് സുധാകരന്‍ തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര്‍ രാജിവച്ച് വരും ദിവസങ്ങളില്‍ ബിജെപിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്ഥാനം മോഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നത്.
പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിക്കുന്ന ഏത് ചുമതലയും ഏറ്റെടുത്ത് ഒരു സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചപ്പോള്‍ നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അതില്‍ സിപിഎമ്മും ഉണ്ട്. എന്നാല്‍ ചില സംഘടനകളുമായി തനിക്ക് ഒത്തുപോകാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ താന്‍ എത്തിയത് ശരിയായ താവളത്തില്‍ തന്നെയാണ്.
രാഷ്ട്രീയം എനിക്ക് ബിസിനസ് അല്ല മറിച്ച് പൊതുപ്രവര്‍ത്തനത്തിനുള്ള ഒരു വേദിയാണ്. നിലപാടുകളിലും തീരുമാനങ്ങളിലും പൂര്‍ണ്ണ പിന്തുണ നല്‍കിയ കുടുംബവും സഹപ്രവര്‍ത്തകരുമാണ് തന്റെ ബലമെന്നും വരും ദിവസങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാകുമെന്നും രഘുനാഥ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, മേഖലാ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗം എ. ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍, രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications