മാലിന്യം തള്ളല്‍ കേന്ദ്രത്തിന് മേക്കോവര്‍, ഉദ്ഘാടനത്തിനൊരുങ്ങി ചേലോറ നെഹ്രു പാര്‍ക്ക്
കണ്ണൂര്‍: ഒരു നൂറ്റാണ്ടിലേറെക്കാലമായി കണ്ണൂര്‍ നഗരത്തിലെ സകലമാലിന്യങ്ങളും തളളുന്ന ഏച്ചൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിന് ശാപമോക്ഷം. കണ്ണൂര്‍ കോര്‍പറേഷനിലെ പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെടെ തളളുന്ന കേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ പുതിയ മുഖം നല്‍കിയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ചത്.
നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചേലോറയില്‍ നിര്‍മ്മിച്ച നെഹ്റു പാര്‍ക്കിന്റെ ഉദ്ഘാടനം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനത്തില്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്റെ അധ്യക്ഷതയില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വ്വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ മുഖ്യാതിഥിയാകും. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തായി 2.70 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഏരിയ, ആംഫി തീയ്യേറ്റര്‍, കോമ്പൗണ്ട് വാള്‍ എന്നിവയുള്‍പ്പെടെയാണ് പാര്‍ക്കിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. കണ്ണൂര്‍ മട്ടന്നൂര്‍ പ്രധാന പാതക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് ആയതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും സൗകര്യപ്രദമാകുമെന്ന് മേയര്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനിലെ ട്രഞ്ചിങ് ഗ്രൗണ്ടായ ചേലോറയിലെ മാലിന്യം തളളല്‍ കാരണം പരിസരവാസികളായ നൂറിലേറെ വീട്ടുകാര്‍ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇതിനെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളും കുടുംബങ്ങളും നിരവധി സമരങ്ങളാണ് നടത്തിയിരുന്നത്. ചേലോറയിലെ മാലിന്യം തളളല്‍ വിഷയം ഒരുപരിധിവരെ പരിഹരിച്ച കോര്‍പറേഷന്‍ ബഡ്ജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കിയത്.
ഇതോടെ അതിമനോഹരമായ പാര്‍ക്കുകളിലൊന്നാണ് കണ്ണൂര്‍ ജില്ലയ്ക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തി തുടങ്ങിയാല്‍ ഇവിടെ വിവിധ കലാപാരിപാടികളും കോര്‍പറേഷന്‍ പദ്ധതിയിടുന്നുണ്ട്. നേരത്തെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യകൂമ്പാരങ്ങള്‍ക്കു തീപിടിക്കുന്നതും വിഷപുക ചുറ്റും പടരുന്നതും കോര്‍പറേഷനും പ്രദേശവാസികള്‍ക്കും തലവേദനയായി മാറിയിരുന്നു.
ഉദ്യാനവും പാര്‍ക്കും വന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നും ഇരുള്‍മൂടിക്കിടക്കുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രകാശമയമാവുമെന്നാണ് പ്രതീക്ഷ. രാവിലെ പ്രഭാതസവാരി നടത്തുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ കാറ്റുകൊളളാനിറങ്ങുന്നവര്‍ക്കും സ്വച്ഛതയോടെ വിഹരിക്കാനുളള കേന്ദ്രമായി ചേലോറ മാറും.












Click it and Unblock the Notifications