കണ്ണൂര്‍ സിറ്റി ഗ്യാസ് പദ്ധതി: പൈപ്പിടല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വാര്‍ഡുകളില്‍ തുടങ്ങി
കണ്ണൂര്‍: സിറ്റി ഗ്യാസ് പദ്ധതിക്കായി നിര്‍മിച്ച 16 കിലോമീറ്റര്‍ പൈപ്ലൈന്‍ കമ്മിഷന്‍ ചെയ്തതോടെ ഇതില്‍ നിന്നു വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള പൈപ്പിടല്‍ കണ്ണൂര്‍ കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളില്‍ തുടങ്ങി. ജൂണിനു മുന്‍പ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം എത്തിക്കാനാണ് വിതരണ ചുമതലയുള്ള ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എല്‍) ശ്രമിക്കുന്നത്.
അടുത്ത മാര്‍ച്ച് അവസാനത്തോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 40 സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാനും ഐ.ഒ.എ.ജിപി.എല്‍ ലക്ഷ്യമിടുന്നുണ്ട്. എണ്ണായിരത്തോളം പേരാണ് സിലിണ്ടറുകള്‍ ഉപേക്ഷിച്ച് പൈപ്പ് വഴി പാചക വാതകം ലഭ്യമാക്കാനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ ഒന്നിനാണ് ജില്ലയില്‍ ആദ്യമായി വീടുകളിലേക്ക് കണക്ഷന്‍ നല്‍കിയത്. കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലായി നിലവില്‍ ആയിരത്തോളം വീടുകളില്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞു.

മേലേ ചൊവ്വ മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തിലും മേലേചൊവ്വ മുതല്‍ വളപട്ടണം വരെയുള്ള 9.6 കിലോമീറ്റര്‍ ദൂരത്തിലും വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. കോര്‍പറേഷന്റെ 14, 15, 16, 17, 18, 20, 22, 25 ഡിവിഷനുകളിലെ വീടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക.
ചാലോടിനും മേലേചൊവ്വയ്ക്കും ഇടയിലുള്ള പൈപ്പ് ലൈന്‍ കമ്മിഷന്‍ ചെയ്തതോടെ ഏച്ചൂരില്‍ സിഎന്‍ജി സ്റ്റേഷന്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. കമ്പിലും പുതിയ സിഎന്‍ജി സ്റ്റേഷന്‍ തുറന്നിട്ടുണ്ട്. പള്ളിക്കുന്ന്, മട്ടന്നൂര്‍, പയ്യന്നൂര്‍, പരിയാരം, തലശ്ശേരി, കൂത്തുപറമ്ബ് എന്നിവിടങ്ങളിലും നിലവില്‍ സിഎന്‍ജി സ്റ്റേഷനുകളുണ്ട്. മാഹിയിലും ഉടന്‍ തുടങ്ങും. തളിപ്പറമ്പില്‍ രണ്ട്, ചെറുകുന്ന്, പാപ്പിനിശ്ശേരി, തലശ്ശേരി എന്നിവിടങ്ങളില്‍ ഓരോ സിഎന്‍ജി സ്റ്റേഷനുകളും മാസങ്ങള്‍ക്കുള്ളില്‍ സജ്ജമാക്കുമെന്ന് അദാനി ഗ്യാസ് പൈപ്പ് ലൈന്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications